Sunday, December 27, 2015

മനുഷ്യൻ

നീയും ഞാനും...
എല്ലാരും...
ഒറ്റപ്പെട്ട ഓരോ
ദ്വീപുകളാണ്...
(അങ്ങനെയല്ലെന്ന് ധരിക്കുമെങ്കിലും)
ആഴങ്ങളിൽ,
അമൂല്യ നിധികളൊളിപ്പിച്ച,
നിഗൂഢ ദ്വീപുകൾ!
നമ്മെ ചുറ്റിയ ഈ
കടൽ താണ്ടി
നിന്നിലേക്കെത്താൻ
സമയമായിട്ടില്ല
എനിക്കിനിയും..
ഞാനെൻറ ആഴങ്ങളിൽ
തിരയുകയാണിപ്പോഴും!

Wednesday, March 11, 2015

നാവു മരങ്ങള്‍!

 
നാവു മരങ്ങള്‍ കണ്ടിട്ടുണ്ടോ നിങ്ങള്‍ ?
അതൊരു വിഷം കായ്ക്കുന്ന മരമാണ്.
നാവുകള്‍ കെട്ടുപിണഞ്ഞ് ,
വിസര്‍ജ്യങ്ങളാല്‍ വികൃതമായ ,
വൃത്തികെട്ട മരം!
ഒരു പക്ഷിക്കുഞ്ഞിനോട് പോലും
ദയ കാണിക്കാതെ ,
ചിറകുകള്‍ കരിയിച്ചു കളയുന്ന തീ മരം!

ചുവരുകളെല്ലാം 'SILENCE PLEASE'
എന്നലറി വിളിച്ചപ്പോള്‍
ഞാനെന്‍റെ നാവറുത്ത്
പോക്കറ്റിലിട്ടു !
പക്ഷേ ,
ഞാനൊരു നാവുമരത്തിന്റെ
ചുവട്ടിലകപ്പെട്ടിരിക്കുകയാണ്
ഇതെപ്പോ പൊട്ടി മുളച്ചുന്ന്‍
പോലും എനിക്കറിയില്ല !

ഓരോ കൊമ്പിലും
അനേകായിരം നാവുകള്‍!
ചിലതിനു ചാട്ടുളിയെക്കാള്‍ മൂര്‍ഛ!
ചിലത് നക്കി നക്കി മനം പുരട്ടുന്നു.

ആകാശത്തിന്റെ ഒരു തുണ്ടു പോലും കാണിക്കാതെ
എനിക്ക് ചുറ്റും ഈ നാവുകള്‍ കെണിയൊരുക്കിയിരിക്കുകയാണ്.
എന്ത് ചെയ്യും?
ഒന്നു നിലവിളിക്കാനായി ഞാനെന്‍റെ  പോക്കെറ്റ്‌  തപ്പി
പടച്ചോനെ !
അപ്പോഴേക്കും ഒരൊറ്റക്കൊമ്പില്‍
എന്നെ കെട്ടിത്തൂക്കിക്കഴിഞ്ഞു!!!
                                                          

Thursday, February 26, 2015

മൗനം...

വെട്ടിയും തിരുത്തിയും
പലവട്ടം അളന്നു മുറിച്ച്
പാകപ്പെടുത്തിയ അക്ഷരങ്ങള്‍ കൊണ്ട്
ഞാനൊരു കുപ്പായം തുന്നി
എന്‍റെ ആത്മാവിനെ അണിയിക്കാന്‍.
പക്ഷെ,
അറുത്ത് മാറ്റിയ അക്ഷരങ്ങള്‍
ഏച്ചു കൂട്ടി വികലമായിരിക്കുന്നു...
അക്ഷരങ്ങള്‍ക്കപ്പുറത്തെ
ആഴങ്ങളില്‍ നിന്നും...
വന്യമായ നിന്‍റെ
മൗനം മാത്രം ഞാനെടുക്കുന്നു
നഗ്നമായ ആത്മാവിനെ പൊതിഞ്ഞെടുക്കാന്‍....



Friday, January 23, 2015

നിറങ്ങള്‍

ഓരോ നിറങ്ങള്‍ക്കും
ഒരു ആത്മാവുണ്ടെന്ന് ..
നീ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്.
അങ്ങനെയെങ്കില്‍......
നിന്റെ ആത്മാവിന്
നീല നിറമായിരിക്കും...
കാരണം...................
സര്‍പ്പ ദംശനമേറ്റ എന്‍റെ വരികളിലും,
പാതി വരച്ചിട്ട സ്വപ്നങ്ങളിലും,
നിന്റെ നീലിച്ച പാടുകളാണ് .
നിന്റെ മേഘക്കീറുകളുടെ
നീല ഞരമ്പുകളിലൂടെ
ഒരിക്കല്‍കൂടി ഞാന്‍ പെയ്തിറങ്ങട്ടെ...
എന്‍റെ ആത്മാവിന്റെ പച്ചയെ തേടി...

                                                            

Thursday, January 15, 2015

ഇനി...


ഒരു ചിത്രം കൂടി
ഞാന്‍ കരുതിയിട്ടുണ്ട്...
രണ്ടു മീസാന്‍ കല്ലുകള്‍ക്കിടയിലെ
ക്യാന്‍വാസില്‍ ഒതുങ്ങുന്നത്...
അതില്‍.....
എന്‍റെ ആത്മാവിന്റെ ചുവപ്പുള്ള
ഒരു മൈലാഞ്ചിത്തൈ വളരുന്നുണ്ട്...
അറ്റുപോയ ചിറകുകളിലെന്റെ
അക്ഷരങ്ങൾ തുന്നിച്ചേർത്ത
ചിത്ര ശലഭങ്ങൾ കൂട് കൂട്ടിയിട്ടുണ്ട്.
ഓർമ്മകളുടെ കടും ചായങ്ങൾ
ഇറ്റു വീണ ചിതൽപ്പുറ്റുകളുണ്ട്.
നീയുണ്ട്...
നിന്റെ അർത്ഥഗർഭമായ മൌനങ്ങളിൽ
പുളയുന്ന ഞാനുമുണ്ട്.
പിന്നെ.....
ആറടി മണ്ണിന്‍റെ
ആഴം മാത്രമുള്ള
സ്വപ്നങ്ങളും.....
                    ........ഹാഷി