Friday, October 16, 2020

കണ്ണു പൊത്തിക്കളി

 കണ്ണു പൊത്തിക്കളിക്കുമ്പോൾ ആരും കാണാത്തിടമെന്നു ചൊല്ലി 

കാട്ടു കൈതപ്പൊത്തിൽ കൈ പിടിച്ച് കൊണ്ട് പോയത് ഇളയച്ഛനായിരുന്നു...

കുഞ്ഞുടുപ്പ് കീറിയത് കൈതമുള്ള് തറച്ചപ്പോൾ ആണെന്ന്,

കുഞ്ഞു ചുണ്ടു പിളർന്ന് ചോര പുരണ്ടത് കൈതപ്പഴം കടിച്ചപ്പോൾ ആണെന്ന്,

കണ്ണ് കലങ്ങി നിറഞ്ഞത് വേദനിച്ചിട്ടാണെന്ന്,

പറയാൻ പറഞ്ഞത് അമ്മയായിരുന്നു.!

കളിപ്പാട്ടങ്ങൾ തന്ന് കരച്ചിൽ അടക്കിയതും 

ഒച്ച പുറത്തു പോവാതെ  നോക്കിയതും അച്ഛനായിരുന്നു..

പൊട്ടിപ്പോയ കളിപ്പാട്ടം പോലെ 

കൈതക്കാട്ടിൽ കളഞ്ഞു പോയ

കുഞ്ഞു ബാല്യങ്ങൾ !

നീതി ദേവത ഇന്നും കണ്ണ് പൊത്തിക്കളിക്കുന്നു.!










Thursday, August 6, 2020

ഒരു വയലറ്റ് ആമ്പൽ പൂമൊട്ട്‌ വരച്ചപ്പോൾ എന്നിൽ രതി മൂർച്ചയെത്തി.....
ചെറുമീനുകൾ സ്ഖലനത്താൽ ഓളം വെട്ടി.... 
ആമ്പൽ പൂ മൊട്ടു വിരിഞ്ഞു...
വയലറ്റ് നിറം തൂവി, അടിവയറ്റിൽ ആമ്പൽ പൊയ്കയുടെ ശാന്തത.....

Tuesday, May 5, 2020

എന്നെ ഉരുക്കി തൂലിക നിറച്ച് ഒരു കഥയെഴുതണം.  എന്തെഴുതണം ? മച്ചിന്റെ മേലേന്ന് പല്ലി ചിലച്ചു ,അടയാളങ്ങൾ ഒന്നുമില്ലാതെ പല കുറി മരിച്ചു ജനിച്ച് മരിച്ചു മണ്ണടിഞ്ഞ ഒരു കെട്ടു കഥകൾ മച്ചിന്റെ മേലേന്ന്‌ ചുക്കിച്ചുളിഞ്ഞ് പല്ലടർന്ന മോണ കാട്ടി ചിരിക്കുന്നുണ്ട്.

പിതൃ പരമ്പരകളുടെ ആദിപാപം തൊട്ടുള്ള കഥകളുടെ പൊടിപടലങ്ങളിൽ നിന്നും
അനേക കോടി നക്ഷത്രങ്ങൾ , കൃമി കീടങ്ങൾ  സസ്യലതാതികൾ ഒച്ചുകൾ പുൽചാടികൾ പറവകൾ , കടലിരമ്പങ്ങൾ .... നിറഞ്ഞ ഈ വലിയ പ്രപഞ്ചത്തിൽ .... 
സ്വപ്നങ്ങൾ സങ്കല്പ ലോകങ്ങൾ തുന്നിക്കൂട്ടി നരച്ച് തളർന്ന  വാക്കുകൾ ചിതലരിച്ച  കഥകളുടെ കബന്ധങ്ങൾ ചുമന്ന്  ഒരു പറ്റം ഉറുമ്പുകൾ നടന്നു നീങ്ങി......


Friday, May 1, 2020

പാല് പിരിയുന്ന മണം

..............................
പത്രക്കാരനും പാൽക്കാരനും ഇന്നവധിയാണത്രെ , സമരമാണത്രെ !
നരച്ച പകലിന്റെ ഉമ്മറത്ത്
കോട്ടുവായിട്ട്‌ കിടക്കുന്നു ,ഇന്നലത്തെ പത്രങ്ങൾ.
മുറവിളി കൂട്ടിയും മൂക്ക് പിഴിഞ്ഞും
അവ ഒച്ച വെച്ചു.
ചില താളുകളിൽ ,പാതി ദ്രവിച്ചെങ്കിലും
അഹിംസയുടെ ഇഴചേർത്ത ചർക്കയുണ്ട്.
ചിലത് ചുവന്നിരുന്നു,
കഴുമരത്തിൽ തളിർത്ത പൂക്കൾ കൊണ്ട്.
മുപ്പത് വെള്ളിക്കാശിന് എല്ലാം തൂക്കി വിറ്റേക്കാം.
എന്നിട്ടൊരു പശുവിനെ വാങ്ങണം.
വെളുത്ത പാല് ചുരത്തുന്നത് തന്നെ വേണം!
മുൻപ്,
പല നിറത്തിലുള്ള പാല് ചുരത്തിയതോണ്ട്,
കറവ വറ്റാത്തൊരു പശുവിനെ
വെടിവെച്ച് കൊന്ന വാർത്തയുണ്ടായ്രുന്നു
പലനിറപ്പാൽ ചുരത്തിപ്പിടഞ്ഞത് കണ്ട്,
ആകാശം അന്ന് മഴവില്ല് തീർത്ത് സമരം ചെയ്തു !
അതിന്, അന്നെത്ര പക്ഷികളുടെ ചിറകുകളറുത്തു!!
പാൽ കൊടുത്ത കയ്യിൽ കൊത്തിയ ,
വിഷം തന്നെയാണ് വേരുകളിൽ പുരണ്ടതെന്ന്
ഉണക്ക മരങ്ങൾ മൊഴി കൊടുത്തു.
ഏതോ അറവുകാരൻ്റെ അലാറം കേട്ട്
ഞെട്ടിയ ഓർമ്മയിൽ നിന്ന്
എന്തോ മനംപുരട്ടുന്നത് പോലെ,
അതെ...
കുടിച്ച മുലപ്പാലടക്കം പുളിച്ചു തികട്ടിവരുന്നത് പോലെ .

പത്രക്കാരനും പാൽക്കാരനും
നാളെ കൂടി അവധിയെടുക്കട്ടെ!