Thursday, October 4, 2018

കൗൺസിലിംഗ്


**********************************
വക്ക് പൊട്ടിയ വാക്കുകളാണെന്നും പറഞ്ഞ്
കവിതയെ  കൗൺസിലിംഗ് നു കൊണ്ടു പോയി.
    "വാക്കുകളിൽ നിറയെ മുള്ളുകളാണല്ലോ?"
  _"അത് പ്രണയം നട്ടതാണ്. "
    "വർത്തമാനത്തിലിത്രയ്ക്ക്
    അഹമ്മതിയോ ?!"
  _"കടലാസു പൂമരച്ചില്ലകളാണത്.."
    " വെട്ടിക്കളഞ്ഞൂടെ?"
  _"വെട്ടിക്കളഞ്ഞതൊക്കെയും,
    ഇത്തിൾക്കണ്ണികളായ് വരും"
    "മതിയാക്കൂ ഈ ധിക്കാര ശബ്ദം!"
  _"മുളങ്കാടുകളുടെ സീൽക്കാരമാണത്.. "
    " അല്ല, ശരിയല്ല ഈ ധിക്കാരം
    മുളയിലേ നുള്ളിയെറിയണം. "
  _" എത്ര പൂക്കളെ നുള്ളിയെറിഞ്ഞു? "
    " പാപമാണ് നഗ്നമായ ഈ വാക്കുകൾ
    മഹാ പാപം!! "
 _" വേരുകളിൽ വിഷം പുരട്ടുന്നത്  പാപമല്ലേ? "
   " ശാന്തമാകൂ.. "
_" അശാന്തമാണ് ചിന്തകളുടെ
  ഈ മഴക്കൂണുകൾ"
"മിണ്ടാതെ കണ്ണടച്ചു കിടക്കൂ
ഇതൊരു ടെൻഷൻ തെറാപ്പിയാണ്. "
_" ഒരു നിമിഷം കണ്ണു തുറന്നു നോക്കൂ
ഉള്ളിൽ കൊടും കാടാണ്..
കടും പച്ചക്കാട്! "
..................... ഹാഷിദ ഹൈദ്രോസ് .....

Monday, July 23, 2018

പരീക്ഷ

വിഷയം : ജീവിതം
ചോദ്യം : ചേരുംപടി ചേർക്കുക

എൻറ ഉത്തരക്കടലാസിൽ
ഇങ്ങനെയായിരുന്നു :

ജാതി : പെണ്ണ്
മതം : മനുഷ്യൻ
ഗ്രന്ഥം : സ്നേഹം

മാർക്കിടുന്നവർ കല്ലെറിഞ്ഞു !
ഹൃദയം കുത്തിപ്പിളർത്തി നോക്കിയപ്പോൾ :

അവശനായ ദൈവം മരിച്ചു കിടക്കുന്നു !!!

Sunday, July 22, 2018

ഓർക്കാം ചിലത്

ഇന്നലെത്തെ പത്രം!
മുറ വിളി കൂട്ടിയും മൂക്കു പിഴിഞ്ഞും
ചരിത്രം തുന്നിച്ചേർക്കാൻ
ചീന്തിയെടുത്ത താളുകൾ!

ചൂടു വാർത്തകളുടെ തീനാവുകളാൽ
തോലുരിച്ച പെണ്ണുടലുകൾ!
കാടും കുന്നും കടലും
 കട്ടു മുടിച്ചവർ
കറുത്തവൻറ കീറിയ കീശയിൽ
നീതി പീഠത്തിൻറ
വെളുത്ത കൈകൾ ചലിക്കുന്നു,
വിധിക്കുന്നു ചില 'വെളുത്ത' വിധികൾ!

മദമിളകിയ മതവാണിഭക്കാർ
മണ്ണും മനസ്സും മുദ്ര കുത്തി
മുറിച്ചോണ്ടിരിക്കുന്നവർ.

എങ്കിലും ചിലതുണ്ട്
ഫീനിക്സ് പക്ഷിയുടെ ചിറകുകളുള്ളത്
ഇന്നലെകളിൽ.
കനൽ പഥങ്ങളിലെ ചില കാല്പാടുകൾ.
അതിൽ അഹിംസയുടെ
ഇഴ ചേർത്ത ചർക്കയുണ്ട്.
കഴു മരത്തിൽ തളിർത്ത
ചുവന്ന പൂക്കളുണ്ട്..

ഇങ്ങനെ ചിലത്
ഒരുപാടുണ്ടോർത്തിടാൻ എങ്കിലും
മുപ്പതു വെള്ളിക്കാശിന് തീറെഴുതിക്കൊടുത്ത ,
തീയിട്ടു കരിച്ച ചരിത്രം.

നാളെകളുടെ പത്രങ്ങളിൽ
ചർക്ക ഉണ്ടാവില്ല.
ഗോഡ്സെയുടെ ജന്മദിനത്തിൽ
ജനഗണമന, കാവിയുടുത്തു വന്നു
വന്ദേ മാതരം പാടിയേക്കാം.
എന്നാൽ ഓരോ മണൽത്തരികളിലും
മുളച്ച് പൊന്തുന്നത് ഗാന്ധിയാണ്...