Sunday, October 27, 2019

ലേഡീസ് കോച്ച്


" പോലീസിൽ വിളിച്ച് പറഞ്ഞിട്ടുണ്ട് . ട്രെയിൻ കണ്ണൂരെത്തിയാൽ ആ പെണ്ണിനെ പിടിച്ചിറക്കിക്കൊണ്ടോയിക്കോളും" - ഏതോ ഒരു സ്ത്രീയുടെ നിഗമനം.
"ഏട്ന്ന് കേറ്യതാ?"
-"ഏട്ന്നാന്ന് ആർക്കറിയാ... വടേരേന്ന് കേറ്യപത്തൊട്ട് കേൾക്കുന്നതാണ്"- വേറൊരു സ്ത്രീ ശബ്ദം.
" ആ ,.. ഓളല്ലേ, കള്ളും കുടിച്ച് വായിൽ തോന്നുന്നതൊക്കെ വിളിച്ച് പറയും , ട്രെയിനിലൊക്കെ ഇടയ്ക്ക് കാണാം."
- "വയലൻറാവോ ന്നാ പേടി "
"എന്ത് വയലന്റ്, ഓൾക്ക് ഭ്രാന്തൊന്നൂല്ല. എല്ലം ഓളെ അഭിനയാ"- മറ്റൊരു സ്ത്രീയുടെ കണ്ടെത്തൽ.
"എന്ത്ന്നായിത്  .. ഹ ശ്ശ് മക്കളേം കൊണ്ട് ഇരിക്കാൻ പറ്റൂലാലോ " - സ്വന്തം മക്കൾ നശിച്ച് പോകുമെന്ന് ഉത്കണ്ഠപ്പെട്ട ചിലർ കുട്ടികളേം തെളിച്ച് വേറെ സീറ്റുകളിലേക്ക് മാറി ഇരുന്നു.

പറഞ്ഞ പ്രകാരം കണ്ണൂരെത്തിയപ്പോൾ മൂന്നു പോലീസുകാർ വന്നു. വിചിത്ര കാഴ്ച കാണാൻ ആളുകൾ കൂടി .
ഇറങ്ങാൻ കല്പിച്ചപ്പോൾ ആ സ്ത്രീ എന്തോ പിറുപിറുത്ത് നിലത്ത് കാലു നീട്ടിയിരുന്നു. " പോയിനെടാ ....."പിന്നെയും അവ്യക്തമായ വാക്കുകൾ!
"ഇവരെയൊന്നിറക്കി വിട് സാറേ ." - കൂട്ടത്തിലൊരു സ്ത്രീ മുൻകൈയ്യെടുത്തു പറഞ്ഞു.
" വനിതാ പോലീസില്ലാത്തോണ്ട് ഞങ്ങൾക്ക് തൊടാൻ പറ്റില്ലല്ലോ " .
-
" അല്ലെങ്കിലും ഇത് മറ്റേതാവാനാ സാധ്യത " - ഒരു കുല സ്ത്രീയുടെ കണ്ടെത്തൽ! പോലീസിലൊരുവൻ ഒരു ചെറുചിരി ചിരിച്ചു. കുലസ്ത്രീയും വാ പൊത്തിച്ചിരിച്ചു. പിന്നെ കുതൂഹല നോട്ടങ്ങൾ, നെറ്റി ചുളിച്ച് മൂക്കത്ത് വിരൽ വെച്ച ചില ആശ്ചര്യ ഭാവങ്ങൾ വേറെ..
പല പ്രായത്തിലുള്ള ഭാവങ്ങൾ!

കൊലുസുകളുടെ കലപിലകൾക്കും വളകളുടെ പൊട്ടിച്ചിരികൾക്കും മീതെ പുളിച്ച് തികട്ടിയ പുലഭ്യ വാക്കുകൾ ആ സ്ത്രീ ഛർദ്ദിച്ചു കൊണ്ടിരുന്നു.

"ശ്ശോ, എന്ത് കഷ്ടാണല്ലേ മനുഷ്യന്മാര്ടെ ഒര്കാര്യം! " അങ്ങനെ ഒരു വാചകം പറഞ്ഞില്ലെങ്കിൽ ആ രംഗം അപൂർണ്ണമായേക്കും എന്നു കരുതിയാണോന്നറീല ചിലർ അന്യോന്യം പറഞ്ഞ് ശ്വാസം നീട്ടി വിട്ടു. പഴയപടി തിരിച്ച് സീറ്റുകളിലേക്ക് തന്നെ ഇരുന്നു.

ട്രെയിൻ ഓടിക്കൊണ്ടിരുന്നു. ആ സ്ത്രീ ആരെയും നോക്കാതെ പിന്നെയും പുലഭ്യം പറഞ്ഞ് കൊണ്ടിരുന്നു.
'ഇത് മറ്റേതാണ് ' അയഞ്ഞു നരച്ച ഏച്ച് കൂട്ടിയ വസ്ത്രത്തിനുള്ളിലെ ആ സ്ത്രീ ശരീരത്തെപ്പറ്റി ഓർത്തപ്പോൾ ഒരു നിമിഷം ഉൾക്കിടിലം തോന്നി!
ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങൾക്കും പറയാനുണ്ടാകും പുലഭ്യങ്ങൾ..
ഒട്ടനേകം പെണ്ണുടലുകൾ അപ്പോൾ ഒന്നിച്ച് പുലഭ്യം പറഞ്ഞ് ആക്രോശിച്ചു.... ട്രെയിനിൽ നിന്നും ബസിൽ നിന്നും ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും അടച്ചുറപ്പില്ലാത്ത വീട്ടിൽ നിന്നും വിഗ്രഹങ്ങളുടെ നടുവിൽ നിന്നും ചുവന്ന തെരുവുകളിൽ നിന്നും ഇനിയും കണ്ടെത്തിയിട്ടില്ലാത്ത അജ്ഞാതമായ ഇടങ്ങളിൽ നിന്നുമെല്ലാം അനേകമനേകം പെണ്ണുടലുകൾ ഉച്ചത്തിൽ പുലഭ്യം പറഞ്ഞ് കൊണ്ടിരുന്നു .....

        

Friday, October 11, 2019

ജന്മദിനം

ഇന്ന് പിറന്നു വീണ പോലെ തോന്നി ,
ആകാശത്ത് ഇരുട്ടിലേക്ക് മെല്ലെ മെല്ലെ വെളിച്ചം ആലിംഗനം ചെയ്തുണരുന്ന പുലരിയെ കണ്ടപ്പോൾ.
തുടുത്ത മേഘക്കവിളിണകളോടെ ചിരിച്ചുണരുന്ന പുലരീ നീയെത്ര സുന്ദരി!

ഈ റെയിൽപ്പാത മുമ്പും ഇവിടെയുണ്ടായ്രുന്നു.
എനിക്കു മുന്നിൽ നീണ്ടു നിവർന്ന പാതകൾ...
വർഷങ്ങൾ.. ദിവസങ്ങൾ....... നിമിഷങ്ങൾ....
ഓർമ്മകളുടെ കലവറകളിൽ കാലു തെന്നി... വഴുതി......
ചിലത് വർണ്ണാഭം തന്നെ കടും ചായക്കൂട്ടുകളാൽ അവ തിളങ്ങുന്നു.
ചിലത് മങ്ങി മങ്ങി അതിജീവനത്തിന്റെ തുടിപ്പിൽ ഇന്നും...
എല്ലാം എടുത്തു നോക്കി... വെച്ച സ്ഥലത്തെന്നെ എടുത്തു വെച്ചു...... ഭദ്രം.
എനിക്കു മുന്നിലെ ഈ പാത. ഇനിയും താണ്ടേണ്ടുന്ന വഴികളിലെ ഇരു വശത്തുമുള്ള കാഴ്ചകളെ സങ്കല്പിച്ച് കൊണ്ട് ഞാൻ ട്രെയിൻ കാത്തു നിന്നു.
മുഖങ്ങൾ.... രൂപങ്ങൾ പകലിരവുകളിൽ മാറി മറയുന്നു.....
മരങ്ങൾ പോലും ചലിക്കുന്നു. ഭൂതകാലത്തിന്റെ നിഗൂഢ മിത്തുകളിലേക്ക് അവയും ഇറങ്ങിച്ചെല്ലുകയാണോ?
ട്രെയിനിൽ വിൻഡോസീറ്റിലിരുന്ന് ഞാൻ ചിന്തിച്ചത് അതായിരുന്നു.

വാടിക്കൊഴിഞ്ഞു വീണ ഇലകളേ... പൂക്കളേ....
വാരിപ്പുണർന്നു ഞാൻ ചുംബിക്കട്ടെ നിങ്ങളെ..
എത്ര ഋതുക്കളുടെ കഥകൾ പറഞ്ഞു തരും നിങ്ങളെനിക്ക്?

ദൂരെ ഒരു പറ്റം ദേശാടനക്കിളികൾ അപ്പോഴേക്കും അസ്തമയ സൂര്യനോട് യാത്ര പറഞ്ഞ് പുതിയ മേടുകൾ തേടി പോയിരുന്നു.

..........പുതിയ മേടുകൾ.. പക്ഷേ.... ഒരേ ആകാശമായിരുന്നു............

ഇരുട്ടെന്ന സത്യത്തെ വീണ്ടും ഓർമ്മിപ്പിച്ചു അസ്തമയ സൂര്യൻ.
ഇരുട്ടിൽ തപ്പിത്തടഞ്ഞു വീണ സ്വപ്നങ്ങളെപ്പറ്റി ഓർത്തു പോയി . പക്ഷേ വെളിച്ചം തേടി ഉള്ളിൽ അധികം തിരഞ്ഞില്ലല്ലോ ഞാൻ എന്ന ചിന്താഭാരത്താൽ മൗനിയായി.
'വിളക്ക് വെളിച്ചത്തെ തേടുന്നു' എന്ന സൂഫീ ചിന്തകളിൽ വീണ്ടുമുണർന്നു.

ഇന്നെന്റെ ജന്മദിനം... നാളെയും...
എല്ലാ നാളെകളിലും ഞാൻ ജനിക്കുന്നു.