Friday, November 29, 2019

വെള്ളി മുടിനാരുകൾ

'ആൽക്കെമിസ്റ്റി'ലെ സ്വപ്നത്തിൽ കണ്ട നിധിയും തേടി അന്വേഷിച്ചലഞ്ഞ ആ ഇടയൻ അവസാനം താൻ യാത്ര തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തുന്നു.

എന്തോ തേടിയുള്ള യാത്ര... അവസാനം എന്നിലേക്കു തന്നെ കണ്ടെത്താൻ വേണ്ടിയാണോ നിധികൾ പോലെ മുടിയിഴകളിൽ ഒളിഞ്ഞും തെളിഞ്ഞും തിളങ്ങുന്നത് ഈ വെള്ളി മുടിനാരുകൾ?

'' അവ സ്വർഗ്ഗത്തിലേക്കു വെളിച്ചം വീശുന്നു''.(വി.ഖുർആൻ)

                           

Sunday, October 27, 2019

ലേഡീസ് കോച്ച്


" പോലീസിൽ വിളിച്ച് പറഞ്ഞിട്ടുണ്ട് . ട്രെയിൻ കണ്ണൂരെത്തിയാൽ ആ പെണ്ണിനെ പിടിച്ചിറക്കിക്കൊണ്ടോയിക്കോളും" - ഏതോ ഒരു സ്ത്രീയുടെ നിഗമനം.
"ഏട്ന്ന് കേറ്യതാ?"
-"ഏട്ന്നാന്ന് ആർക്കറിയാ... വടേരേന്ന് കേറ്യപത്തൊട്ട് കേൾക്കുന്നതാണ്"- വേറൊരു സ്ത്രീ ശബ്ദം.
" ആ ,.. ഓളല്ലേ, കള്ളും കുടിച്ച് വായിൽ തോന്നുന്നതൊക്കെ വിളിച്ച് പറയും , ട്രെയിനിലൊക്കെ ഇടയ്ക്ക് കാണാം."
- "വയലൻറാവോ ന്നാ പേടി "
"എന്ത് വയലന്റ്, ഓൾക്ക് ഭ്രാന്തൊന്നൂല്ല. എല്ലം ഓളെ അഭിനയാ"- മറ്റൊരു സ്ത്രീയുടെ കണ്ടെത്തൽ.
"എന്ത്ന്നായിത്  .. ഹ ശ്ശ് മക്കളേം കൊണ്ട് ഇരിക്കാൻ പറ്റൂലാലോ " - സ്വന്തം മക്കൾ നശിച്ച് പോകുമെന്ന് ഉത്കണ്ഠപ്പെട്ട ചിലർ കുട്ടികളേം തെളിച്ച് വേറെ സീറ്റുകളിലേക്ക് മാറി ഇരുന്നു.

പറഞ്ഞ പ്രകാരം കണ്ണൂരെത്തിയപ്പോൾ മൂന്നു പോലീസുകാർ വന്നു. വിചിത്ര കാഴ്ച കാണാൻ ആളുകൾ കൂടി .
ഇറങ്ങാൻ കല്പിച്ചപ്പോൾ ആ സ്ത്രീ എന്തോ പിറുപിറുത്ത് നിലത്ത് കാലു നീട്ടിയിരുന്നു. " പോയിനെടാ ....."പിന്നെയും അവ്യക്തമായ വാക്കുകൾ!
"ഇവരെയൊന്നിറക്കി വിട് സാറേ ." - കൂട്ടത്തിലൊരു സ്ത്രീ മുൻകൈയ്യെടുത്തു പറഞ്ഞു.
" വനിതാ പോലീസില്ലാത്തോണ്ട് ഞങ്ങൾക്ക് തൊടാൻ പറ്റില്ലല്ലോ " .
-
" അല്ലെങ്കിലും ഇത് മറ്റേതാവാനാ സാധ്യത " - ഒരു കുല സ്ത്രീയുടെ കണ്ടെത്തൽ! പോലീസിലൊരുവൻ ഒരു ചെറുചിരി ചിരിച്ചു. കുലസ്ത്രീയും വാ പൊത്തിച്ചിരിച്ചു. പിന്നെ കുതൂഹല നോട്ടങ്ങൾ, നെറ്റി ചുളിച്ച് മൂക്കത്ത് വിരൽ വെച്ച ചില ആശ്ചര്യ ഭാവങ്ങൾ വേറെ..
പല പ്രായത്തിലുള്ള ഭാവങ്ങൾ!

കൊലുസുകളുടെ കലപിലകൾക്കും വളകളുടെ പൊട്ടിച്ചിരികൾക്കും മീതെ പുളിച്ച് തികട്ടിയ പുലഭ്യ വാക്കുകൾ ആ സ്ത്രീ ഛർദ്ദിച്ചു കൊണ്ടിരുന്നു.

"ശ്ശോ, എന്ത് കഷ്ടാണല്ലേ മനുഷ്യന്മാര്ടെ ഒര്കാര്യം! " അങ്ങനെ ഒരു വാചകം പറഞ്ഞില്ലെങ്കിൽ ആ രംഗം അപൂർണ്ണമായേക്കും എന്നു കരുതിയാണോന്നറീല ചിലർ അന്യോന്യം പറഞ്ഞ് ശ്വാസം നീട്ടി വിട്ടു. പഴയപടി തിരിച്ച് സീറ്റുകളിലേക്ക് തന്നെ ഇരുന്നു.

ട്രെയിൻ ഓടിക്കൊണ്ടിരുന്നു. ആ സ്ത്രീ ആരെയും നോക്കാതെ പിന്നെയും പുലഭ്യം പറഞ്ഞ് കൊണ്ടിരുന്നു.
'ഇത് മറ്റേതാണ് ' അയഞ്ഞു നരച്ച ഏച്ച് കൂട്ടിയ വസ്ത്രത്തിനുള്ളിലെ ആ സ്ത്രീ ശരീരത്തെപ്പറ്റി ഓർത്തപ്പോൾ ഒരു നിമിഷം ഉൾക്കിടിലം തോന്നി!
ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങൾക്കും പറയാനുണ്ടാകും പുലഭ്യങ്ങൾ..
ഒട്ടനേകം പെണ്ണുടലുകൾ അപ്പോൾ ഒന്നിച്ച് പുലഭ്യം പറഞ്ഞ് ആക്രോശിച്ചു.... ട്രെയിനിൽ നിന്നും ബസിൽ നിന്നും ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും അടച്ചുറപ്പില്ലാത്ത വീട്ടിൽ നിന്നും വിഗ്രഹങ്ങളുടെ നടുവിൽ നിന്നും ചുവന്ന തെരുവുകളിൽ നിന്നും ഇനിയും കണ്ടെത്തിയിട്ടില്ലാത്ത അജ്ഞാതമായ ഇടങ്ങളിൽ നിന്നുമെല്ലാം അനേകമനേകം പെണ്ണുടലുകൾ ഉച്ചത്തിൽ പുലഭ്യം പറഞ്ഞ് കൊണ്ടിരുന്നു .....

        

Friday, October 11, 2019

ജന്മദിനം

ഇന്ന് പിറന്നു വീണ പോലെ തോന്നി ,
ആകാശത്ത് ഇരുട്ടിലേക്ക് മെല്ലെ മെല്ലെ വെളിച്ചം ആലിംഗനം ചെയ്തുണരുന്ന പുലരിയെ കണ്ടപ്പോൾ.
തുടുത്ത മേഘക്കവിളിണകളോടെ ചിരിച്ചുണരുന്ന പുലരീ നീയെത്ര സുന്ദരി!

ഈ റെയിൽപ്പാത മുമ്പും ഇവിടെയുണ്ടായ്രുന്നു.
എനിക്കു മുന്നിൽ നീണ്ടു നിവർന്ന പാതകൾ...
വർഷങ്ങൾ.. ദിവസങ്ങൾ....... നിമിഷങ്ങൾ....
ഓർമ്മകളുടെ കലവറകളിൽ കാലു തെന്നി... വഴുതി......
ചിലത് വർണ്ണാഭം തന്നെ കടും ചായക്കൂട്ടുകളാൽ അവ തിളങ്ങുന്നു.
ചിലത് മങ്ങി മങ്ങി അതിജീവനത്തിന്റെ തുടിപ്പിൽ ഇന്നും...
എല്ലാം എടുത്തു നോക്കി... വെച്ച സ്ഥലത്തെന്നെ എടുത്തു വെച്ചു...... ഭദ്രം.
എനിക്കു മുന്നിലെ ഈ പാത. ഇനിയും താണ്ടേണ്ടുന്ന വഴികളിലെ ഇരു വശത്തുമുള്ള കാഴ്ചകളെ സങ്കല്പിച്ച് കൊണ്ട് ഞാൻ ട്രെയിൻ കാത്തു നിന്നു.
മുഖങ്ങൾ.... രൂപങ്ങൾ പകലിരവുകളിൽ മാറി മറയുന്നു.....
മരങ്ങൾ പോലും ചലിക്കുന്നു. ഭൂതകാലത്തിന്റെ നിഗൂഢ മിത്തുകളിലേക്ക് അവയും ഇറങ്ങിച്ചെല്ലുകയാണോ?
ട്രെയിനിൽ വിൻഡോസീറ്റിലിരുന്ന് ഞാൻ ചിന്തിച്ചത് അതായിരുന്നു.

വാടിക്കൊഴിഞ്ഞു വീണ ഇലകളേ... പൂക്കളേ....
വാരിപ്പുണർന്നു ഞാൻ ചുംബിക്കട്ടെ നിങ്ങളെ..
എത്ര ഋതുക്കളുടെ കഥകൾ പറഞ്ഞു തരും നിങ്ങളെനിക്ക്?

ദൂരെ ഒരു പറ്റം ദേശാടനക്കിളികൾ അപ്പോഴേക്കും അസ്തമയ സൂര്യനോട് യാത്ര പറഞ്ഞ് പുതിയ മേടുകൾ തേടി പോയിരുന്നു.

..........പുതിയ മേടുകൾ.. പക്ഷേ.... ഒരേ ആകാശമായിരുന്നു............

ഇരുട്ടെന്ന സത്യത്തെ വീണ്ടും ഓർമ്മിപ്പിച്ചു അസ്തമയ സൂര്യൻ.
ഇരുട്ടിൽ തപ്പിത്തടഞ്ഞു വീണ സ്വപ്നങ്ങളെപ്പറ്റി ഓർത്തു പോയി . പക്ഷേ വെളിച്ചം തേടി ഉള്ളിൽ അധികം തിരഞ്ഞില്ലല്ലോ ഞാൻ എന്ന ചിന്താഭാരത്താൽ മൗനിയായി.
'വിളക്ക് വെളിച്ചത്തെ തേടുന്നു' എന്ന സൂഫീ ചിന്തകളിൽ വീണ്ടുമുണർന്നു.

ഇന്നെന്റെ ജന്മദിനം... നാളെയും...
എല്ലാ നാളെകളിലും ഞാൻ ജനിക്കുന്നു.
                                             
                                               

Sunday, September 22, 2019

ചിന്തിച്ചിട്ടുണ്ടോ നാം എപ്പോഴായിരിക്കും മരിക്കുക? എവിടെ വെച്ച് ?എങ്ങിനെ?
മരണസമയം തൊട്ടടുത്ത് ആരായിരിക്കും ഉണ്ടാവുക ? ചിലപ്പോൾ തീരെ അപരിചിതരായ ആരെങ്കിലുമൊക്കെ ആയിരിക്കും ...
ആർക്കറിയാം അപ്പോൾ എന്റെ അടുത്ത് പെട്ടെന്നൊരു ഞെട്ടലോടെ എന്നെ തൊട്ടു നോക്കുന്ന ആ അപരിചിതർ .... ഒരു പക്ഷേ ഒരാളാകാം ആണോ പെണ്ണോ കുറേ പേരുണ്ടാകാം ആണ് പെൺ ഭേദമില്ലാതെ ആബാലവൃദ്ധജനങ്ങൾ ഉണ്ടാവാം.. ചിലപ്പോൾ നമ്മുടെ ഉറ്റവർ തന്നെയാവും . . .
ആർക്കറിയാം അവരൊക്കെ തലേന്നു രാത്രി ഏതോ ഒരു മരണത്തെ പേക്കിനാവ് കണ്ട് ഞെട്ടിയെണീറ്റിട്ടുണ്ടാവില്ലെന്ന് .
കാലൻകോഴി കൂവിയതും , വലത്തേക്കണ്ണ് തുടിച്ചതും , പല്ലി ചിലച്ചതും, കരിമ്പൂച്ച കുറുകെ ചാടിയതുമായ അശുഭകരമായ ആധികയറിയ കുറേ കഥകൾ അവർക്കു പറയാനുണ്ടായേക്കാം . ചിലർക്ക് ഒന്നു നെടുവീർപ്പിടാനെങ്കിലും ഉണ്ടാവാം .
പക്ഷേ ചിലപ്പോൾ അടുത്ത് ആരുമില്ലാതെ  മരണപ്പെട്ടേക്കാം . അവസാന ശ്വാസം എടുക്കുന്ന ആ ഒരു നിമിഷം.... ആരുടെയെങ്കിലും കൈ മുറുകെപ്പിടിച്ച് നേർത്ത ഞെരങ്ങലോടെയെങ്കിലും യാത്ര പറയാൻ പറ്റാതെ തീർത്തും ഒറ്റയ്ക്കായൊരു പോക്ക്!

Saturday, June 22, 2019

ചെറിയ ചെറിയ കാര്യങ്ങൾ...

എന്ത് മനോഹരമാണ് ആ സ്ഥലങ്ങളൊക്കെ!
സ്വച്ഛ സുന്ദരമായ ഒരുപാട് ജാലകക്കാഴ്ച്ചകൾ സമ്മാനിച്ചു തരാറുണ്ട് ചില തീവണ്ടി യാത്രകൾ.
നീലേശ്വരത്തേക്കുള്ള യാത്ര..... കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന മനോഹര ദൃശ്യങ്ങൾ.

വിശാലമായ വയലുകളുടെ പച്ചപ്പ്...  പച്ചപ്പ് തന്നെ ഒരാശ്വാസമാണ്... പച്ച വിരിപ്പിന് ഞൊറി പിടിപ്പിച്ച പോലെ ഇടയ്ക്ക് കാണുന്ന പല നിറത്തിലുള്ള കാട്ടുപൂക്കളും.
വയലുകളിൽ നിറയെ കൊക്കുകൾ.  ഞാനിതു വരെ വെള്ള കൊക്കിനെയും ചാരക്കൊക്കിനെയും മാത്രേ കണ്ടിട്ടുള്ളൂ... പക്ഷേ ഇവിടെ അപൂര്‍വയിനം കൊക്കുകളെ കാണാം....  മയിൽ നീല നിറത്തിലുള്ളവ,  അവ പച്ച  വയലുകളിൽ നിരന്നു നിൽക്കുന്ന കാഴ്ച അതി മനോഹരമായിരുന്നു!  പിന്നെ തവിട്ടും കറുപ്പും കലർന്ന വേറെയും ചില കൊക്കുകൾ! ഇനി ഇതൊക്കെ വേറെ ഏതേലും പക്ഷികളാണോന്നും എനിക്കറിയില്ല,  എന്തായാലും നല്ല ഭംഗിയുള്ള കാഴ്ചയായിരുന്നു. 

പുഴയോ, നനച്ചു തുടച്ച കണ്ണാടിച്ചില്ല് പോലെ... 
അതിൽ മുഖം നോക്കാനെത്തിയ വെള്ളിമുടിക്കെട്ടുള്ള ആകാശ മുത്തശ്ശി!  മുത്തശ്ശിക്ക് ഒരുപാട് കഥകൾ അറിയുമായ്രിക്കും... നീണ്ടു നിവർന്ന് അതിരുകളില്ലാതെ ആ കഥാപ്രപഞ്ചത്തിൽ ചിറകു വിരിച്ചു പറക്കുന്ന പക്ഷികൾ...

പിന്നെ കണ്ടൽക്കാടുകൾ! പുഴയോടത്രയ്ക്ക് ഒട്ടിക്കിടക്കുന്നു അവയുടെ കൂറ്റൻ വേരുകൾ...  ചില്ലകളിൽ കുനു കുനെ  പടർന്നിരിക്കുന്ന ഇലകൾ... അതിൽ നിറയെ കിളികൾ പാർക്കുന്നുണ്ടാകും. അവയറിയുന്നുണ്ടാകുമോ ഇവിടെ ഒരുത്തിയിങ്ങനെ അവരെ നോക്കുന്നത്?  പിന്നെ രണ്ടു പാപ്പാത്തികളെ കണ്ടു... പൂമ്പാറ്റകൾ.. അവര് ചേച്ചിയും അനിയത്തിയും ആയിരിക്കണം രണ്ടും പാറിക്കളിക്കാണ്... ചിമ്മി ച്ചിമ്മി...  ഒളിച്ചും പൊത്തിയും....

എത്ര സുന്ദരമാണ് ഈ ഭൂമി.... പ്രപഞ്ചം... 
ഒന്നിരുന്ന് ആസ്വദിക്കാനാവാതെ ഞാനീ തീവണ്ടിയിൽ ധൃതി പിടിച്ച് പോവുന്നു.  ഓരോ സ്റ്റോപ്പുകളിലെ  കാഴ്ചകൾ ഹൃദയത്തിൽ കോർത്ത്...യാത്ര തുടരുന്നു...  നാം എല്ലാരും.
 ഈ ജാലകക്കാഴ്ച്ചകളെ ഞാൻ പ്രണയിക്കുന്നു.
 ഈ നിമിഷം ഞാൻ പുഞ്ചിരിക്കുന്നു...

Sunday, June 9, 2019

അനക്കൊണ്ട

"എല്ലാ വഴിയും ഒരു പോലുണ്ട്, ചുറ്റിപ്പിണഞ്ഞ് പാമ്പിനെ പോലെ" ഒന്നും മനസ്സിലാവാത്തതിന്റെ ടെൻഷനുണ്ടായിരുന്നു അവൾക്കത് പറയുമ്പോൾ.
"വഴികളെല്ലാം ഈയടുത്താണ് ഞാനും പഠിച്ചത്. അയാൾ പറഞ്ഞു. ഹാ പാമ്പിനെ പോലെ വളഞ്ഞു പുളഞ്ഞു ഓടണം എല്ലായിടത്തും,..... അനക്കൊണ്ടയെ പോലെ.. " ഒരു തമാശ കേട്ട പോലെ അവൾ ചിരിച്ചു. പക്ഷെ അയാൾ അത് ശ്രദ്ധിച്ചില്ല.

താഴത്തെ നിലയും നടുക്കത്തെ നിലയും കഴിഞ്ഞ് അവർ മേലെ നിലയിലെത്തി. പുതിയ ജോലിയുടെ ഭാഗമായി അറിഞ്ഞിരിക്കേണ്ട ഓരോ കോണിലുമുള്ള നെറ്റ്വർക്ക് കണക്ഷൻസിനെ പറ്റി അവൾ അയാളിൽ നിന്ന് സശ്രദ്ധം കേട്ടു മനസ്സിലാക്കാൻ ശ്രമിച്ചു. എന്നിട്ടും ടെൻഷനാണ്.
പൊടിയും മാറാലയും നിറഞ്ഞ ആ ആപ്പീസിൽ ആളനക്കം പോലുമില്ല. ഓരോ മുറികളിലും ഒരാള്‍ മാത്രം. ചിലർ കമ്പ്യൂട്ടറിൽ ചിലർ മേശപ്പുറത്തെ ഫയലുകളിൽ.
"യൂ ഹാവ് ടു മാനേയ്ജ് ഓൾ നെറ്റ്വർക്ക് ഇഷ്യൂസ് "
മുൻ പരിചയമില്ലാത്ത പുതിയ ജോലിയുടെ മട്ടും ഭാവവും കണ്ടു പേടിച്ച് ചോദിച്ചു വാങ്ങിയതാണ് ആരേലും ആദ്യം എല്ലാമൊന്ന് കാണിച്ചു തരണം.
തന്റെ സ്ഥാനത്തേക്ക് വന്ന പുതിയ നിയമനം ആണെന്നറിഞ്ഞിട്ടും തെല്ലും പരിഭവമില്ലാതെയാണ് അയാളെല്ലാം പറഞ്ഞു തന്നത്.

ആ പുരാതന കെട്ടിടത്തിലൂടെ എങ്ങനെയൊക്കെ വളഞ്ഞു തിരിഞ്ഞ വഴികളിലൂടെ കണക്ഷൻസ് പോകുന്നു എന്ന് അയാൾ വളഞ്ഞു പുളഞ്ഞു നടന്നു കിതച്ചു പറഞ്ഞു കൊടുത്തു.
"ഒരു മുറിയിലേക്ക് തന്നെ എത്താൻ ഒരുപാട് വഴികളുണ്ടല്ലേ? ".
" അതെ, പുറത്തേക്ക് എത്താനുള്ള വഴി മാത്രം കാണില്ല. " ഇപ്പ്രാവശ്യം ചിരിച്ചത് അയാളായിരുന്നു.

" എന്തെങ്കിലും സംശയം വന്നാൽ വിളിച്ച് ചോദിക്കാൻ നമ്പർ തരുമോ? ബുദ്ധിമുട്ട് ഇല്ലെങ്കിൽ".
"ഓ. കെ.  അത്യാവശ്യം വരുമ്പോ വിളിക്കേണ്ട നമ്പറുകൾ ഞാൻ വാട്സാപ് ചെയ്യാം".
"വളരെ നന്ദി".അവൾക്കത് ആശ്വാസമായി. അപ്പോഴേക്കും ആ കെട്ടിടത്തിന്റെ എല്ലാ മുക്കും മൂലയും കടന്ന് അവർ ആദ്യം തുടങ്ങിയ മുറിയിൽ തന്നെ എത്തിയിരുന്നു.

അവൾ ഫോണിൽ വാട്സാപ് തുറന്നു. നമ്പറുകൾ സേവ് ചെയ്യട്ടെ. പ്രൊഫൈലിൽ വലിയൊരു പാമ്പ് വാ തുറന്ന ഫോട്ടോ! വിഷപ്പല്ലുകൾ!
അദ്ഭുതം തോന്നി എന്ത് പാവം മനുഷ്യൻ! എന്തോ ഒരു ചേർച്ചയില്ലായ്മ...
"അനക്കൊണ്ട!! " ഉള്ളൊന്ന് പിടച്ചു.  പതർച്ച കാണിക്കാതെ അവൾ പറഞ്ഞു " താങ്ക്യൂ ".
പക്ഷെ അയാൾ പോയിരുന്നു.  ഏതു വഴിയാണ് പോയത്? ഈ നിലത്ത് നിറയെ എന്താണ്? ഇത്രയും വലിയ പാമ്പിന്റെ പടം!!! ആദ്യം ഇവിടെ ഉണ്ടായിരുന്നോ?.
പുറത്തേക്കുള്ള വഴി തേടി അവൾ ഓടി. വളഞ്ഞു പുളഞ്ഞ ഇടനാഴികളിൽ.


Monday, June 3, 2019

ഗുൽമോഹർ












'ആ ഗുൽമോഹർ ഇപ്പോൾ അവിടെയില്ല' .
വസന്തം വന്നപ്പോൾ മടക്കി അയച്ചു.
ഇപ്പോളവിടെ ഒരു കാഞ്ഞിരമാണത്ത്രേ.

മഴ വന്നപ്പോൾ മുളച്ചു പൊന്തിയ
വിഷക്കൂണുകൾ ഇളിച്ചു പറഞ്ഞു
വഴി തെറ്റിയെന്ന്.

ചുവപ്പില്ല
വിഷക്കായയുടെ അമ്ള നീരിറ്റിയ
ചുംബനങ്ങളിൽ !

ശെരിയാണ്,
ആ ഗുൽമോഹർ ഇപ്പോൾ അവിടെയില്ല!
"വേരുകളിൽ തൊടുമോ? "
വിഷം തീണ്ടിയ കാഞ്ഞിരം ചോദിച്ചു.

Saturday, June 1, 2019


മെയ് മാസത്തെ യാത്ര അയക്കാനെന്ന പോലെ കോരിച്ചൊരിയുന്ന മഴ!
ഓർമ്മകളിലേക്ക് കാൽ തെന്നി വീണ മഴച്ചാലുകൾ.. ജാലകക്കാഴ്ച്ചകളിലേക്ക് നനഞ്ഞ് കുതിർന്ന പുതു നിറങ്ങൾ.
രാത്രി ആകാശത്ത് ഒഴുകി നീങ്ങിയ ആ പറവകൾ മഴയിൽ നനഞ്ഞു കുതിർന്നിട്ടുണ്ടാവും ,  ദേശാടനക്കിളികൾ...
പല ദിക്കുകളിലെ പല മഴയും നനഞ്ഞ്...... അവ ചേക്കേറുന്നതെങ്ങോട്ട്?
 ഋതുക്കൾ സഞ്ചരിച്ച്  കാലത്തിന്റെ മഴ നനഞ്ഞ ചിറകുകൾക്കിടയിൽ പണ്ടെന്നോ മറന്നു വെച്ച കവിത പോലെ എന്തോ ഒന്ന് ഉള്ളിൽ പെയ്യാതെ കെട്ടി നിന്നു.... 

Saturday, May 18, 2019

മുറിഞ്ഞു പോയവ..

മുറിഞ്ഞു പോയവയൊക്കെ തുന്നിച്ചേർക്കണായ്രുന്നു..
കാലത്തിന്റെ കിതപ്പിൽ ബലമറ്റു ക്ഷയിച്ചു പോയവയെ വീണ്ടും നനച്ചു നടണം.
പാതിയാക്കിയ ചിത്രങ്ങളിൽ നരച്ചു തുടങ്ങുന്നിടത്ത് ചാലിക്കണം നിറങ്ങൾ.
അട്ടത്ത് കാലൊടിഞ്ഞ് കിടക്കുന്ന
മര വണ്ടി പൊടിതട്ടി ഓടിക്കണം.
ചില്ല് പൊട്ടിയ കാലിഡോസ്കോപ്പ് ഒന്നുകൂടി
പശ വെച്ചൊട്ടിച്ച് ഒന്നുകൂടി കാണണം
പഴയ കാഴ്ചകൾ...
മുറിഞ്ഞു പോയ വാക്കുകളെയെല്ലാം
തിരഞ്ഞ് പിടിച്ച് പിണക്കം മറന്ന്
വർത്തമാനം പറയണം..

Sunday, May 12, 2019

പക

പ്രണയം കൊണ്ട് മുറിവേറ്റപ്പൊഴായ്രുന്നു
ആദ്യമായി ഉള്ളിലെ പിശാച് കെട്ടഴിച്ച് ചാടിയത്.
നീ തന്ന വൃണങ്ങളിൽ തേരട്ടകൾ ഇഴഞ്ഞു നീങ്ങി.
ആദ്യം നിറങ്ങൾ എഴുതിയ വിരലുകളിൽ.
വാക്കുകൾക്ക് നിറം വറ്റി!
പിന്നെ ചിന്തകളിലൊട്ടിക്കിടന്നു
കുടഞ്ഞെറിഞ്ഞിട്ടും പോയില്ല.
നീ നനയ്ക്കുന്ന ഒരു പാഴ്മരത്തിലായിരുന്നു അവ വസിക്കുന്നത്, എന്റെ മേൽ തേരട്ടകൾ കൊഴിയുന്ന പൊള്ള മരം!
വെട്ടിക്കളഞ്ഞു!
പ്രണയം പൂത്തിരുന്ന കൊടും കാട്ടിൽ
ആ പിശാച് ഒറ്റയ്ക്കായി... അങ്ങനെ
അതൊരു ചുടു കാടായി. 

അപൂര്‍ണ്ണം

മുൻപ് എഴുതിയ വരികളിലൂടെ
ഇടയ്ക്ക് ഒന്ന് കേറിയിറങ്ങണം.
പഴയ 'ഞാനു' മായ് സൌഹൃദം പുതുക്കാൻ.

വാചാലയായി 'ഞാൻ'  പറയുന്നത്
വെറുതെ കേട്ടിരിക്കാൻ.
വേദനയെ, നുറുങ്ങു സന്തോഷങ്ങളെ,
അസ്വസ്ഥതകളെ, ദേഷ്യത്തെ,
എല്ലാ വികാര വിചാരങ്ങളെയും
വെറുതെ കേട്ടിരിക്കാൻ.

പ്രണയം കൊണ്ട് പൂര്‍ണമായെന്നെ-
ഴുതിയ നിമിഷങ്ങളെയോർത്ത്
ചിരിച്ചു കൊണ്ട് തിരികെ വരണം.


Tuesday, February 26, 2019

തനിച്ച്,  ഈ കടലാസിന്റെ ഓരത്തിരുന്ന്
നോക്കിയിരിക്കുകയായിരുന്നു വാക്കുകള്‍ പെയ്യുന്നതും കാത്ത്.
ഉള്ളിലെ ആകാശത്ത് കവിതക്കാറ് കെട്ടിയിട്ടുണ്ടെന്നും,  പെയ്താൽ ഉടനെ കൂടെക്കൂട്ടണംന്നും പറഞ്ഞ് വേദന,
ഒരു കാലൻ കുടയും പിടിച്ച് ഇങ്ങനെ തികട്ടി നില്ക്കുന്നുണ്ട്.
പക്ഷേ വേദന ചൂടിയ ഭ്രാന്തൻ കുടയിൽ
തുളഞ്ഞ മുറിവുകളുടെ എണ്ണം പോരെന്നും പറഞ്ഞ് കവിത പെയ്യാൻ മടിച്ചു ചിണുങ്ങി നിന്നു.

Monday, January 28, 2019

ഉള്ളിൽ ഒരു മരമുണ്ടായിരുന്നു. 
വേരുകൾ അത്ര മേൽ നെഞ്ചിൽ പടർന്ന
ഒരു കൂറ്റൻ ഭ്രാന്തൻ മരം. 
പിഴുതെടുത്തു കളയൂ
വേരുകളിൽ ഉണങ്ങിപ്പിടിച്ച്
എന്റെ രക്തം ഉണ്ടാകും. 
എല്ലാം തുടച്ചു കളയണം. 
എനിക്ക് വേണ്ടത് ആ ശൂന്യതയാണ്! 

Wednesday, January 16, 2019

പേക്കിനാവോരിയിട്ട ഒരു നരച്ച രാത്രി
മരുന്നു കൊടുത്തു മുറിവ് വാങ്ങി
മുറിവിലൂടെ പനിച്ചു വിളറിയ
ഒരു കവിത കിതച്ചു കേറി.
പിന്നെ,
വേദനയെ എഴുതാനാവില്ലെന്ന് പറഞ്ഞ്
ചങ്കൂറ്റിക്കുടിച്ച്,
എന്റെ ശവത്തിൽ ചവിട്ടി
അത് നടന്നകന്നു! 

Saturday, January 12, 2019

പാപി

                           
                            അവളെപ്പോലെ ഉടുത്തില്ല,
                            നാണിച്ചു ചിരിച്ചില്ല,

                         അശ്ലീലമശുദ്ധിയാമുടലുകൾക്ക്
                         അടക്കമൊതുക്കമൊന്നുമേയില്ല!

                             സദ്ഗുണ സദാചാര
                             ബോധമേതുമില്ലാത്ത
                             കൊടും പാപി!!