Thursday, September 15, 2016

നിനക്ക്.

നിനക്കു വേണ്ടി മാത്രം എഴുതാനായ് വരികൾ തേടി ഞാൻ ചിന്തയുടെ കുന്നും മേടുകളും താണ്ടി...  കടലിൻറെ പൂർണ്ണതയിലലിയുന്ന നദികളിൽ നിന്നും അടിഞ്ഞു കൂടിയ സ്വരാക്ഷരങ്ങൾ .
വറ്റിയ പുഴയുടെ ആകാശത്തിൻറെ ഓർമ്മയിൽ നിന്നും ഖനിച്ചെടുത്ത ചില്ലക്ഷരങ്ങൾ. കാട്ടു പൂക്കളുടെ സുഗന്ധവും നിറങ്ങളും വ്യഞ്ജനാക്ഷരങ്ങളായി.
രണ്ട് മുറിവുകളായ് പിരിയുന്ന  വഴിയുടെ ഒറ്റ മുറിവിൽ നിന്നും ബിംബങ്ങളും രൂപകങ്ങളുമെടുത്തു.
 വൃത്തങ്ങൾ വേണ്ട! അതിരുകളാണവ,
കൂർത്ത മുള്ളുകളാൽ തീർത്ത... വേലിപ്പടർപ്പുകൾ!
മൗന ഗർഭത്തിൻറെ കടലാഴങ്ങളിൽ നിന്നും പിറന്ന വാക്കുകൾ.
ആത്മാവിൻറെ ഊഷര ഭൂമികയിൽ കിളിർത്ത വേദനയുടെ വിത്തുകൾ....
............ ലിപിയില്ലാത്ത ഭാഷയിൽ പെറ്റ ചാപിള്ളയെയോർത്ത് ഞാൻ കരഞ്ഞു.....

Saturday, September 10, 2016

ഇവിടെ


ഈ വഴി തിരിയുന്നിടം...
ഇവിടെ വെച്ചാണ്,
പണ്ടെന്നോ നടക്കാനിറങ്ങിയ
ആ ജീവ ബിന്ദുക്കൾ
വഴി പിരിഞ്ഞത്.
ജീവൻറെ കാൽപ്പാടുകൾ പതിഞ്ഞ
മണൽത്തരികളിൽ
പറ്റിപ്പിടിച്ച ചോരക്കറ!
ആത്മാവിൻറെ ചില്ലു തരികളിൽക്കൂടി
ആദ്യത്തെ വെളിച്ചം കടന്നതും
ഇവിടെ വെച്ചാണ്...
നിഴലുകൾ മൂടിയ ആത്മാവിന്
കറുത്ത പകലിൻറെ ഇരുട്ട്!
ഇവിടെ നിന്നാണ് ,
ജീവൻറെ സമുദ്രത്തിലേക്കുള്ള
നിലയ്ക്കാത്ത പ്രയാണം തുടങ്ങുന്നതും ,
ഒടുവിൽ ഒരു കടൽ വറ്റിയ ശൂന്യതയിൽ ബാക്കിയാവുന്നതും...
ഇവിടെ ഇതിഹാസം പിറക്കുന്നു!
ചിരിക്കുന്നു....കരയുന്നു!

Wednesday, August 24, 2016

അപരിചിതർ

ഹേ, സഹോദരാ...
നിനക്കു ഞാൻ
ഒരു മരീചികയാണ്
എനിക്കു നീയും.
എങ്കിലും,
നിൻറെ കണ്ണുകളിലെ
നിനക്കു കാണാൻ കഴിയാത്ത
പൊട്ടിയ ചില്ലിലൂടെ
ഞാനെന്നെ കാണുന്നു.
എന്നെ തിരഞ്ഞ് മാത്രം
ഞാൻ നിന്നിലേക്ക്
പാഞ്ഞടുക്കുന്നു..
നീ എന്നിലേക്കും...

നീയും ഞാനുമെന്ന
മിഥ്യയ്ക്കുമപ്പുറം
ഒരു തുള്ളിയിൽ നിന്നും പിറന്ന
സമുദ്രമാണ് നാം,
അപരിചിതർ!