Monday, November 21, 2022

ഇരുളെഴുത്ത്

 നിഴലുകൾക്ക് ജീവനുണ്ടാകുമോ?നിഴൽച്ചിത്രങ്ങൾ കൈകൾ മുളച്ച് എന്നെ അതിൽ വലിച്ചു കൊണ്ടു പോകുമോ?

നിഴലിനെ വരച്ച വെളിച്ചം ഒരു മരീചികയത്രേ....
ആദ്യമുണ്ടായത് ഇരുട്ടാണ്!
ഇരുളിൽ നിന്നുമാണ് വെളിച്ചം തുടങ്ങുന്നത്.
ഇരുൾ നഗ്നമാണ്...സത്യമാണ്...
കള്ളം പുതച്ച വെളിച്ചം എന്നെ ഭയപ്പെടുത്തുന്നു.
ഇരുളിൽ എഴുതിയ വാക്കുകൾ
നിഴലുകളുടെ ചുവടു പിടിച്ച്
വിവിധ അർത്ഥ തലങ്ങളിൽ നൃത്തം ചെയ്യാൻ തുടങ്ങി.
അജ്ഞതയുടെ അർത്ഥ തലങ്ങൾ പുൽകിയ ഒരു യോഗിനിയെപ്പോലെ രാത്രി ഇരുൾ പുതച്ച് ശാന്തമായ് ഉറങ്ങി.
......................................................................
              ~~ ഹാഷിദ ഹൈദ്രോസ് ~~

Friday, September 9, 2022


സ്വന്തം പ്രതിബിംബം കണ്ടതിനാൽ
നദി സ്വന്തമാകുന്നതെങ്ങനെ?

ഒഴുക്കിനെ പിടിച്ച് കെട്ടി,
നദിയെ കെട്ടിയിടാൻ നോക്കിയത്
സ്വയം അടയാളപ്പെടുത്താനുള്ള
തീവ്രമായ സ്വാർത്ഥത തന്നെ!

എന്റെ  നദി വറ്റിയിരിക്കുന്നു
എന്ന വിലാപത്തിൽ നിന്നും
എന്റെതായ് ഒരു നദിയുമില്ല.......ഒന്നുമില്ല
എന്ന ഈ ബോദ്ധ്യത്തിലേക്ക് എത്തിയിരിക്കുന്നു!

ഞാൻ സ്വയം ഒരു നദിയാവാൻ കഴിഞ്ഞെങ്കിൽ...
ആകാശത്തോളം പ്രതിഫലിപ്പിക്കാനാവുന്ന
തെളിഞ്ഞ....ഒഴുക്കുള്ള നദി.....




Thursday, September 8, 2022

ഉന്മാദിയുടെ അന്ത്യക്കുറിപ്പ്


*****************

അത്യാനന്ദത്തിന്റെ മുറിവുകൾ കൊണ്ട്
ഈ കവിത എഴുതിത്തീരും വരെ ,
ഓർമ്മകൾ ഘനീഭവിച്ച് ഈ രാത്രി
ഇരുട്ട് കനത്ത് നില്‍ക്കട്ടെ.

കൂടെ പെയ്യാൻ വാശി പിടിച്ച്
ഒരു ഭ്രാന്തൻമഴ പേ പിടിച്ച് നുര ചിന്തി.

നിറം കെട്ട് വാക്കുകൾ
ആ നുരയ്ക്കൊപ്പം ചിതറിത്തെറിച്ചു.

എവിടെ ,
വേദനകളുടെ ഈ ചഷകം വീണ്ടും വീണ്ടും നിറയ്ക്കൂ ,
അത്യാനന്ദത്തിന്റെ മുറിവുകളിൽ നിന്നും
കവിത വീണ്ടും ചുവക്കും വരെ.

അറിയില്ലേ ,
ഉന്മാദിയുടെ അന്ത്യക്കുറിപ്പിൽ
മരണത്തിന്റെ ഭാഷ കവിതയാണെന്ന് !