Saturday, June 22, 2019

ചെറിയ ചെറിയ കാര്യങ്ങൾ...

എന്ത് മനോഹരമാണ് ആ സ്ഥലങ്ങളൊക്കെ!
സ്വച്ഛ സുന്ദരമായ ഒരുപാട് ജാലകക്കാഴ്ച്ചകൾ സമ്മാനിച്ചു തരാറുണ്ട് ചില തീവണ്ടി യാത്രകൾ.
നീലേശ്വരത്തേക്കുള്ള യാത്ര..... കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന മനോഹര ദൃശ്യങ്ങൾ.

വിശാലമായ വയലുകളുടെ പച്ചപ്പ്...  പച്ചപ്പ് തന്നെ ഒരാശ്വാസമാണ്... പച്ച വിരിപ്പിന് ഞൊറി പിടിപ്പിച്ച പോലെ ഇടയ്ക്ക് കാണുന്ന പല നിറത്തിലുള്ള കാട്ടുപൂക്കളും.
വയലുകളിൽ നിറയെ കൊക്കുകൾ.  ഞാനിതു വരെ വെള്ള കൊക്കിനെയും ചാരക്കൊക്കിനെയും മാത്രേ കണ്ടിട്ടുള്ളൂ... പക്ഷേ ഇവിടെ അപൂര്‍വയിനം കൊക്കുകളെ കാണാം....  മയിൽ നീല നിറത്തിലുള്ളവ,  അവ പച്ച  വയലുകളിൽ നിരന്നു നിൽക്കുന്ന കാഴ്ച അതി മനോഹരമായിരുന്നു!  പിന്നെ തവിട്ടും കറുപ്പും കലർന്ന വേറെയും ചില കൊക്കുകൾ! ഇനി ഇതൊക്കെ വേറെ ഏതേലും പക്ഷികളാണോന്നും എനിക്കറിയില്ല,  എന്തായാലും നല്ല ഭംഗിയുള്ള കാഴ്ചയായിരുന്നു. 

പുഴയോ, നനച്ചു തുടച്ച കണ്ണാടിച്ചില്ല് പോലെ... 
അതിൽ മുഖം നോക്കാനെത്തിയ വെള്ളിമുടിക്കെട്ടുള്ള ആകാശ മുത്തശ്ശി!  മുത്തശ്ശിക്ക് ഒരുപാട് കഥകൾ അറിയുമായ്രിക്കും... നീണ്ടു നിവർന്ന് അതിരുകളില്ലാതെ ആ കഥാപ്രപഞ്ചത്തിൽ ചിറകു വിരിച്ചു പറക്കുന്ന പക്ഷികൾ...

പിന്നെ കണ്ടൽക്കാടുകൾ! പുഴയോടത്രയ്ക്ക് ഒട്ടിക്കിടക്കുന്നു അവയുടെ കൂറ്റൻ വേരുകൾ...  ചില്ലകളിൽ കുനു കുനെ  പടർന്നിരിക്കുന്ന ഇലകൾ... അതിൽ നിറയെ കിളികൾ പാർക്കുന്നുണ്ടാകും. അവയറിയുന്നുണ്ടാകുമോ ഇവിടെ ഒരുത്തിയിങ്ങനെ അവരെ നോക്കുന്നത്?  പിന്നെ രണ്ടു പാപ്പാത്തികളെ കണ്ടു... പൂമ്പാറ്റകൾ.. അവര് ചേച്ചിയും അനിയത്തിയും ആയിരിക്കണം രണ്ടും പാറിക്കളിക്കാണ്... ചിമ്മി ച്ചിമ്മി...  ഒളിച്ചും പൊത്തിയും....

എത്ര സുന്ദരമാണ് ഈ ഭൂമി.... പ്രപഞ്ചം... 
ഒന്നിരുന്ന് ആസ്വദിക്കാനാവാതെ ഞാനീ തീവണ്ടിയിൽ ധൃതി പിടിച്ച് പോവുന്നു.  ഓരോ സ്റ്റോപ്പുകളിലെ  കാഴ്ചകൾ ഹൃദയത്തിൽ കോർത്ത്...യാത്ര തുടരുന്നു...  നാം എല്ലാരും.
 ഈ ജാലകക്കാഴ്ച്ചകളെ ഞാൻ പ്രണയിക്കുന്നു.
 ഈ നിമിഷം ഞാൻ പുഞ്ചിരിക്കുന്നു...

Sunday, June 9, 2019

അനക്കൊണ്ട

"എല്ലാ വഴിയും ഒരു പോലുണ്ട്, ചുറ്റിപ്പിണഞ്ഞ് പാമ്പിനെ പോലെ" ഒന്നും മനസ്സിലാവാത്തതിന്റെ ടെൻഷനുണ്ടായിരുന്നു അവൾക്കത് പറയുമ്പോൾ.
"വഴികളെല്ലാം ഈയടുത്താണ് ഞാനും പഠിച്ചത്. അയാൾ പറഞ്ഞു. ഹാ പാമ്പിനെ പോലെ വളഞ്ഞു പുളഞ്ഞു ഓടണം എല്ലായിടത്തും,..... അനക്കൊണ്ടയെ പോലെ.. " ഒരു തമാശ കേട്ട പോലെ അവൾ ചിരിച്ചു. പക്ഷെ അയാൾ അത് ശ്രദ്ധിച്ചില്ല.

താഴത്തെ നിലയും നടുക്കത്തെ നിലയും കഴിഞ്ഞ് അവർ മേലെ നിലയിലെത്തി. പുതിയ ജോലിയുടെ ഭാഗമായി അറിഞ്ഞിരിക്കേണ്ട ഓരോ കോണിലുമുള്ള നെറ്റ്വർക്ക് കണക്ഷൻസിനെ പറ്റി അവൾ അയാളിൽ നിന്ന് സശ്രദ്ധം കേട്ടു മനസ്സിലാക്കാൻ ശ്രമിച്ചു. എന്നിട്ടും ടെൻഷനാണ്.
പൊടിയും മാറാലയും നിറഞ്ഞ ആ ആപ്പീസിൽ ആളനക്കം പോലുമില്ല. ഓരോ മുറികളിലും ഒരാള്‍ മാത്രം. ചിലർ കമ്പ്യൂട്ടറിൽ ചിലർ മേശപ്പുറത്തെ ഫയലുകളിൽ.
"യൂ ഹാവ് ടു മാനേയ്ജ് ഓൾ നെറ്റ്വർക്ക് ഇഷ്യൂസ് "
മുൻ പരിചയമില്ലാത്ത പുതിയ ജോലിയുടെ മട്ടും ഭാവവും കണ്ടു പേടിച്ച് ചോദിച്ചു വാങ്ങിയതാണ് ആരേലും ആദ്യം എല്ലാമൊന്ന് കാണിച്ചു തരണം.
തന്റെ സ്ഥാനത്തേക്ക് വന്ന പുതിയ നിയമനം ആണെന്നറിഞ്ഞിട്ടും തെല്ലും പരിഭവമില്ലാതെയാണ് അയാളെല്ലാം പറഞ്ഞു തന്നത്.

ആ പുരാതന കെട്ടിടത്തിലൂടെ എങ്ങനെയൊക്കെ വളഞ്ഞു തിരിഞ്ഞ വഴികളിലൂടെ കണക്ഷൻസ് പോകുന്നു എന്ന് അയാൾ വളഞ്ഞു പുളഞ്ഞു നടന്നു കിതച്ചു പറഞ്ഞു കൊടുത്തു.
"ഒരു മുറിയിലേക്ക് തന്നെ എത്താൻ ഒരുപാട് വഴികളുണ്ടല്ലേ? ".
" അതെ, പുറത്തേക്ക് എത്താനുള്ള വഴി മാത്രം കാണില്ല. " ഇപ്പ്രാവശ്യം ചിരിച്ചത് അയാളായിരുന്നു.

" എന്തെങ്കിലും സംശയം വന്നാൽ വിളിച്ച് ചോദിക്കാൻ നമ്പർ തരുമോ? ബുദ്ധിമുട്ട് ഇല്ലെങ്കിൽ".
"ഓ. കെ.  അത്യാവശ്യം വരുമ്പോ വിളിക്കേണ്ട നമ്പറുകൾ ഞാൻ വാട്സാപ് ചെയ്യാം".
"വളരെ നന്ദി".അവൾക്കത് ആശ്വാസമായി. അപ്പോഴേക്കും ആ കെട്ടിടത്തിന്റെ എല്ലാ മുക്കും മൂലയും കടന്ന് അവർ ആദ്യം തുടങ്ങിയ മുറിയിൽ തന്നെ എത്തിയിരുന്നു.

അവൾ ഫോണിൽ വാട്സാപ് തുറന്നു. നമ്പറുകൾ സേവ് ചെയ്യട്ടെ. പ്രൊഫൈലിൽ വലിയൊരു പാമ്പ് വാ തുറന്ന ഫോട്ടോ! വിഷപ്പല്ലുകൾ!
അദ്ഭുതം തോന്നി എന്ത് പാവം മനുഷ്യൻ! എന്തോ ഒരു ചേർച്ചയില്ലായ്മ...
"അനക്കൊണ്ട!! " ഉള്ളൊന്ന് പിടച്ചു.  പതർച്ച കാണിക്കാതെ അവൾ പറഞ്ഞു " താങ്ക്യൂ ".
പക്ഷെ അയാൾ പോയിരുന്നു.  ഏതു വഴിയാണ് പോയത്? ഈ നിലത്ത് നിറയെ എന്താണ്? ഇത്രയും വലിയ പാമ്പിന്റെ പടം!!! ആദ്യം ഇവിടെ ഉണ്ടായിരുന്നോ?.
പുറത്തേക്കുള്ള വഴി തേടി അവൾ ഓടി. വളഞ്ഞു പുളഞ്ഞ ഇടനാഴികളിൽ.


Monday, June 3, 2019

ഗുൽമോഹർ












'ആ ഗുൽമോഹർ ഇപ്പോൾ അവിടെയില്ല' .
വസന്തം വന്നപ്പോൾ മടക്കി അയച്ചു.
ഇപ്പോളവിടെ ഒരു കാഞ്ഞിരമാണത്ത്രേ.

മഴ വന്നപ്പോൾ മുളച്ചു പൊന്തിയ
വിഷക്കൂണുകൾ ഇളിച്ചു പറഞ്ഞു
വഴി തെറ്റിയെന്ന്.

ചുവപ്പില്ല
വിഷക്കായയുടെ അമ്ള നീരിറ്റിയ
ചുംബനങ്ങളിൽ !

ശെരിയാണ്,
ആ ഗുൽമോഹർ ഇപ്പോൾ അവിടെയില്ല!
"വേരുകളിൽ തൊടുമോ? "
വിഷം തീണ്ടിയ കാഞ്ഞിരം ചോദിച്ചു.

Saturday, June 1, 2019


മെയ് മാസത്തെ യാത്ര അയക്കാനെന്ന പോലെ കോരിച്ചൊരിയുന്ന മഴ!
ഓർമ്മകളിലേക്ക് കാൽ തെന്നി വീണ മഴച്ചാലുകൾ.. ജാലകക്കാഴ്ച്ചകളിലേക്ക് നനഞ്ഞ് കുതിർന്ന പുതു നിറങ്ങൾ.
രാത്രി ആകാശത്ത് ഒഴുകി നീങ്ങിയ ആ പറവകൾ മഴയിൽ നനഞ്ഞു കുതിർന്നിട്ടുണ്ടാവും ,  ദേശാടനക്കിളികൾ...
പല ദിക്കുകളിലെ പല മഴയും നനഞ്ഞ്...... അവ ചേക്കേറുന്നതെങ്ങോട്ട്?
 ഋതുക്കൾ സഞ്ചരിച്ച്  കാലത്തിന്റെ മഴ നനഞ്ഞ ചിറകുകൾക്കിടയിൽ പണ്ടെന്നോ മറന്നു വെച്ച കവിത പോലെ എന്തോ ഒന്ന് ഉള്ളിൽ പെയ്യാതെ കെട്ടി നിന്നു....