Monday, November 21, 2022

ഇരുളെഴുത്ത്

 നിഴലുകൾക്ക് ജീവനുണ്ടാകുമോ?നിഴൽച്ചിത്രങ്ങൾ കൈകൾ മുളച്ച് എന്നെ അതിൽ വലിച്ചു കൊണ്ടു പോകുമോ?

നിഴലിനെ വരച്ച വെളിച്ചം ഒരു മരീചികയത്രേ....
ആദ്യമുണ്ടായത് ഇരുട്ടാണ്!
ഇരുളിൽ നിന്നുമാണ് വെളിച്ചം തുടങ്ങുന്നത്.
ഇരുൾ നഗ്നമാണ്...സത്യമാണ്...
കള്ളം പുതച്ച വെളിച്ചം എന്നെ ഭയപ്പെടുത്തുന്നു.
ഇരുളിൽ എഴുതിയ വാക്കുകൾ
നിഴലുകളുടെ ചുവടു പിടിച്ച്
വിവിധ അർത്ഥ തലങ്ങളിൽ നൃത്തം ചെയ്യാൻ തുടങ്ങി.
അജ്ഞതയുടെ അർത്ഥ തലങ്ങൾ പുൽകിയ ഒരു യോഗിനിയെപ്പോലെ രാത്രി ഇരുൾ പുതച്ച് ശാന്തമായ് ഉറങ്ങി.
......................................................................
              ~~ ഹാഷിദ ഹൈദ്രോസ് ~~

Friday, September 9, 2022


സ്വന്തം പ്രതിബിംബം കണ്ടതിനാൽ
നദി സ്വന്തമാകുന്നതെങ്ങനെ?

ഒഴുക്കിനെ പിടിച്ച് കെട്ടി,
നദിയെ കെട്ടിയിടാൻ നോക്കിയത്
സ്വയം അടയാളപ്പെടുത്താനുള്ള
തീവ്രമായ സ്വാർത്ഥത തന്നെ!

എന്റെ  നദി വറ്റിയിരിക്കുന്നു
എന്ന വിലാപത്തിൽ നിന്നും
എന്റെതായ് ഒരു നദിയുമില്ല.......ഒന്നുമില്ല
എന്ന ഈ ബോദ്ധ്യത്തിലേക്ക് എത്തിയിരിക്കുന്നു!

ഞാൻ സ്വയം ഒരു നദിയാവാൻ കഴിഞ്ഞെങ്കിൽ...
ആകാശത്തോളം പ്രതിഫലിപ്പിക്കാനാവുന്ന
തെളിഞ്ഞ....ഒഴുക്കുള്ള നദി.....




Thursday, September 8, 2022

ഉന്മാദിയുടെ അന്ത്യക്കുറിപ്പ്


*****************

അത്യാനന്ദത്തിന്റെ മുറിവുകൾ കൊണ്ട്
ഈ കവിത എഴുതിത്തീരും വരെ ,
ഓർമ്മകൾ ഘനീഭവിച്ച് ഈ രാത്രി
ഇരുട്ട് കനത്ത് നില്‍ക്കട്ടെ.

കൂടെ പെയ്യാൻ വാശി പിടിച്ച്
ഒരു ഭ്രാന്തൻമഴ പേ പിടിച്ച് നുര ചിന്തി.

നിറം കെട്ട് വാക്കുകൾ
ആ നുരയ്ക്കൊപ്പം ചിതറിത്തെറിച്ചു.

എവിടെ ,
വേദനകളുടെ ഈ ചഷകം വീണ്ടും വീണ്ടും നിറയ്ക്കൂ ,
അത്യാനന്ദത്തിന്റെ മുറിവുകളിൽ നിന്നും
കവിത വീണ്ടും ചുവക്കും വരെ.

അറിയില്ലേ ,
ഉന്മാദിയുടെ അന്ത്യക്കുറിപ്പിൽ
മരണത്തിന്റെ ഭാഷ കവിതയാണെന്ന് !





Wednesday, June 16, 2021

മുറിഞ്ഞു വീണ മഴവില്ല്

തൊട്ടാവാടിപ്പടർപ്പിൽ കണങ്കാലുരഞ്ഞ് ചോര പൊടിഞ്ഞിട്ടും അവൾ ഓട്ടം നിർത്തിയില്ല. കരിയിലകൾ വീണ് ചിതറിയ ഇടവഴിയിലാകെ മഞ്ചാടിക്കുരുകൾ അവളുടെ പാവാടക്കീശയിൽ നിന്നും ചോരത്തുള്ളികൾ പോലെ ഊർന്നു വീണു. മഞ്ചാടിത്തോപ്പും കടന്ന് ആ ഇടവഴി തീരുന്നിടം, കശുവണ്ടി മരങ്ങൾ പെറ്റുപെരുകിയ ഒരു കുന്നിൻ ചെരിവാണ്. അവിടെ നിന്നാൽ കരിമ്പനകൾ അതിരു തീർക്കുന്ന പച്ച വയലേലകൾ കാണാം. അതിനും മീതെ ആകാശം നീണ്ടു നീണ്ടു പോവുന്നത് കാണാം. അവിടെയാണ് മഴവില്ല് ഉണ്ടാവ! അവൾടെ ഉമ്മാമ പറഞ്ഞതാണ്.

ഓടിക്കിതച്ച് ഒരു വിധത്തിൽ അവളാ കുന്നിൻ ചെരിവിലെത്തി. മഴ ഇപ്പം പെയ്യും. പെയ്യട്ടെ! മഴവില്ലും വരട്ടെ! ഇന്ന് അത് കണ്ടിട്ടേ പോവുന്നുള്ളൂ. 

ആകാശം ഇരുണ്ട നിഴലായ് പച്ച വയലിനെ ആകെ മൂടി. അവശേഷിച്ച മഞ്ചാടികളെടുത്ത് അവൾ പാടത്തേക്കെറിഞ്ഞു കളിച്ചു. 

മഴ വന്നെന്നാരോ പറഞ്ഞറിഞ്ഞ പോലെ എവിടെന്നോ ഒരു കൂട്ടം കൊക്കുകളപ്പോൾ ചിറകടിച്ച് പറന്നു പോയി. 

പെയ്തു തുടങ്ങിയപ്പോളാണ് കുട എടുക്കായ്രുന്നൂന്ന് അവൾ ചിന്തിച്ചത്. സാരമില്ല മറ്റന്നാളെ കഴിഞ്ഞ് സ്കൂൾ തുറന്നാൽ മഴവില്ല് കണ്ടതിനെപ്പറ്റി ഷാഹിനയോടും മാജിയോടും പറയാലോ . അവർ ശെരിക്കും ഞെട്ടും. 

താൻ കാണാൻ പോവുന്ന അദ്ഭുത കാഴ്ചയെപ്പറ്റി കൂട്ടുകാരികളോട് പറയുന്നതോർത്തിട്ട് അവൾക്ക് ഹരമേറി. 

കരിമ്പനകൾക്കു മീതെ കണ്ണുകൾ നട്ട് അവൾ കാത്തിരുന്നു...

   'മഴയത്ത് ന്ന് കളിക്കാ ? പനി പിടിപ്പിക്കാനായിട്ട്? ' ഇടിയൊച്ച കേട്ട പോലെ അവളൊന്നു ഞെട്ടി. വല്ല്യാപ്പ!..പള്ളി കഴിഞ്ഞുള്ള വരവാണ്. ഇന്ന് വെള്ളിയാഴ്ചയാണല്ലേ?. സ്കൂൾ പൂട്ടിയതിൽ പിന്നെ ദിവസങ്ങളൊന്നും മനസ്സിലാവാറില്ല. വെള്ളിയാഴ്ച മാത്രം അറിയാം. 

' ഇബ് ലീസിനെ കാണണോ? ജുമാ തീരുന്ന യ്നു മുന്നെ പള്ളീന്നിറങ്ങി വരുന്നവനെ നോക്ക്യാ മതി.' -  മദ്റസയിലെ ഉസ്താദ് പറഞ്ഞത് അവളോർത്തു. 

ശെരിയാ , ഇയാളൊരു ഇബ് ലീസ് തന്നെ.! ഇനിയിപ്പോ വീട്ടിൽ പോയി പറഞ്ഞ് കൊടുക്കും. മഴയത്ത് ന്ന് കളിച്ചതിന് അടി വാങ്ങിത്തരും.!

അയാളെ അവൾ മനസ്സിൽ ശപിച്ചു കൊണ്ട് തിരിഞ്ഞോടി. പക്ഷെ മഴവെള്ളത്തിൽ കാലു വഴുതി അവൾ ഊരി വീണു. അണ്ണാൻ കടിച്ചു തുപ്പിയ കശുവണ്ടികൾക്കിടയിൽ ബാക്കി വന്ന മഞ്ചാടികൾ കൂടി തെറിച്ച് വീണു. 

ഓടിയതിന് വല്യാപ്പ അവളെ വഴക്ക് പറഞ്ഞു. പിടിച്ചെഴുന്നേൽപ്പിച്ച് നിലത്ത് ചാഞ്ഞ് കിടന്ന ഒരു കിഴവൻകശുവണ്ടി മരക്കൊമ്പിൽ അവളെയെടുത്തിരുത്തി. 

'സാരല്ലാട്ടോ' - മുട്ട് പൊട്ടി ചോര വന്നത് തുടച്ചു കൊണ്ടയാൾ പറഞ്ഞു ..

നനഞ്ഞു ചെളി പുരണ്ട പാവാടക്കുള്ളിൽ കൈത്തലം അമർന്നത് പിടിച്ച് മാറ്റാൻ നോക്കിയപ്പോളും അയാൾ പറഞ്ഞു: 

 'സാരല്ലാട്ടോ' .!  

കെട്ട് ചീഞ്ഞ ഒരു കശുവണ്ടി ചെളി വെള്ളത്തിൽ ഒലിച്ചു പോവാതെ തങ്ങി നിന്നു. 

വേദന കൊണ്ടവൾ കരഞ്ഞപ്പോൾ വാ പൊത്തിപ്പിടിച്ച് അയാൾ- 'കരയണ്ടാട്ടോ ,  വല്യാപ്പ മോൾക്ക് കശുവണ്ടി പറിച്ച് തരാം. മഴയത്ത് കളിച്ച കാര്യം വീട്ടിപ്പറഞ്ഞ് കൊടുക്കൂല'.. 

കരിമ്പനകൾക്ക് മീതെ ശക്തമായ് ഇടി വെട്ടി. കരഞ്ഞു കലങ്ങിയ കണ്ണുകൾ, ആകാശത്ത് നിന്ന് ഒരു മഴവില്ല് പാടത്ത് മുറിഞ്ഞു വീഴുന്നത് കണ്ടു.

വരമ്പു മുറിച്ച് പാടത്തേക്കോടുന്ന ഷാഹിനയും മാജിയും പിറകെ മുണ്ടു മടക്കിക്കുത്തി കുട ചൂടി ഇബ് ലീസ്.!

ആകാശം മുറിഞ്ഞ് ചോരയൊലിക്കുന്നുണ്ട്....  പച്ച വയലുകളെ മുഴുവൻ മുക്കിക്കളഞ്ഞു.!

അവൾ ഓടി... ഇബ് ലീസ് എത്തുന്ന യ്ന് മുന്നേ ഷാഹിനയേം മാജിയേം കൂട്ടി വേഗം  മഴവില്ലിൻ്റെ മുറിഞ്ഞ അറ്റത്തെത്തണം.!

*****************************************************

Tuesday, March 2, 2021

ഈ രാത്രി

ഇവിടെ ഞാൻ ബാക്കി വെക്കുന്നു......

രാത്രിയുടെ ചുരുണ്ട മുടിയിഴകളിൽ 

വിരിഞ്ഞ ഈ നിലാവും.

കവിത പൂക്കുന്നു......

ആരോ തട്ടി മറിച്ച അത്തറിൻ്റെ 

കുപ്പി പൊട്ടിത്തൂവിയ പോലെ......




Friday, October 16, 2020

കണ്ണു പൊത്തിക്കളി

 കണ്ണു പൊത്തിക്കളിക്കുമ്പോൾ ആരും കാണാത്തിടമെന്നു ചൊല്ലി 

കാട്ടു കൈതപ്പൊത്തിൽ കൈ പിടിച്ച് കൊണ്ട് പോയത് ഇളയച്ഛനായിരുന്നു...

കുഞ്ഞുടുപ്പ് കീറിയത് കൈതമുള്ള് തറച്ചപ്പോൾ ആണെന്ന്,

കുഞ്ഞു ചുണ്ടു പിളർന്ന് ചോര പുരണ്ടത് കൈതപ്പഴം കടിച്ചപ്പോൾ ആണെന്ന്,

കണ്ണ് കലങ്ങി നിറഞ്ഞത് വേദനിച്ചിട്ടാണെന്ന്,

പറയാൻ പറഞ്ഞത് അമ്മയായിരുന്നു.!

കളിപ്പാട്ടങ്ങൾ തന്ന് കരച്ചിൽ അടക്കിയതും 

ഒച്ച പുറത്തു പോവാതെ  നോക്കിയതും അച്ഛനായിരുന്നു..

പൊട്ടിപ്പോയ കളിപ്പാട്ടം പോലെ 

കൈതക്കാട്ടിൽ കളഞ്ഞു പോയ

കുഞ്ഞു ബാല്യങ്ങൾ !

നീതി ദേവത ഇന്നും കണ്ണ് പൊത്തിക്കളിക്കുന്നു.!










Thursday, August 6, 2020

ഒരു വയലറ്റ് ആമ്പൽ പൂമൊട്ട്‌ വരച്ചപ്പോൾ എന്നിൽ രതി മൂർച്ചയെത്തി.....
ചെറുമീനുകൾ സ്ഖലനത്താൽ ഓളം വെട്ടി.... 
ആമ്പൽ പൂ മൊട്ടു വിരിഞ്ഞു...
വയലറ്റ് നിറം തൂവി, അടിവയറ്റിൽ ആമ്പൽ പൊയ്കയുടെ ശാന്തത.....