Friday, November 6, 2026

വിഷാദിയുടെ മുറി

*******************

ജനാലകളില്ലാത്ത മുറിയന്വേഷിച്ച്

അയാൾ നടന്നു.

കിട്ടാൻ പാടാണെന്നും അടച്ചിട്ടാൽപോരെന്നും 

ഇടനിലക്കാരൻ, തൻ്റെ വെളിച്ചം കേറാൻ 

കൂട്ടാക്കാത്ത കണ്ണുകളിറുക്കിയടച്ച് ചോദിച്ചു.

അമർത്തിയടച്ച് നാലു വശവും 

ആണിയടിച്ചുറപ്പിച്ചാൽ മതിയെന്നും 

കാറ്റു പോലും കേറില്ലെന്നും 

അയാളുറപ്പ് കൊടുത്തു.


എത്രയാണി കൊണ്ടുറപ്പിച്ചാലാണ് 

ഉള്ളതിനെ ഇല്ലാണ്ടാക്കാൻ പറ്റുക? എന്ന വാദത്തോടെ അയാളത് നിരസിച്ചു.


ഒടുവിൽ ഒരു മുറി കിട്ടി.

കടന്നു ചെല്ലാനൊരു വാതിൽ മാത്രമുള്ള

ആ ഒറ്റ മുറിയിൽ അയാളന്നുറങ്ങി.


എഴുന്നേൽക്കാൻ മടിച്ച

ചത്തുറങ്ങിയ ക്ലോക്കിൻ്റെ 

മിനിറ്റു സൂചി മരവിച്ച നിമിഷത്തിലെപ്പോഴോ

അയാളുറക്കമെണീറ്റു.


അടുക്കു തെറ്റാതെയും ചുളിയാതെയും

നിറംകെട്ട് നിറഞ്ഞ് ചിരിക്കുന്ന

അലമാരയിലെ തുണികളിൽ 

പണ്ടെങ്ങോ തേച്ച,

പിതൃക്കളുടെ ഉപേക്ഷിച്ച ഗന്ധം!

കൊട്ടിയടച്ചിട്ടും താക്കോൽ ദ്വാരത്തിലൂടെ 

അവ മോക്ഷം തേടിയലഞ്ഞു


ഓർമ്മകൾക്കു ഖനം തൂങ്ങി 

ചുവരിലെ ചില്ലിട്ട ഫോട്ടോയുടഞ്ഞു വീണു.

പൊട്ടിയ ചില്ലു കഷ്ണങ്ങളിലൊക്കെയും 

അച്ഛൻ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി മണത്തു.


ഉറക്കം മുറിഞ്ഞതിൻ്റെ 

ഞരക്കം കേൾക്കുന്നുണ്ട്,

അമ്മയുടെ പുളിയിലക്കര മുണ്ട് 

കഴുത്ത് ചുറ്റി,

ഓർമ്മയുടെ ഒഴിയാബാധയേറ്റ് 

തുരുമ്പിച്ചു കറങ്ങുന്ന ഫാനിൽ.


ഇരുട്ടു തളച്ചിട്ട മുറിയിൽ വീണ

ഓർമ്മകളുടെ മിന്നലേറ്റ് അയാൾ ചിരിച്ചു.


പിറ്റേന്ന്,

വാതിലുകളും കൂടിയില്ലാത്ത പുതിയ

മുറിയന്വേഷിച്ച് അയാൾ

അവിടെ നിന്നും മടങ്ങി.


******

***********************"******


ഡോ. ഹാഷിദ ഹൈദ്രോസ്