Sunday, December 27, 2015

മനുഷ്യൻ

നീയും ഞാനും...
എല്ലാരും...
ഒറ്റപ്പെട്ട ഓരോ
ദ്വീപുകളാണ്...
(അങ്ങനെയല്ലെന്ന് ധരിക്കുമെങ്കിലും)
ആഴങ്ങളിൽ,
അമൂല്യ നിധികളൊളിപ്പിച്ച,
നിഗൂഢ ദ്വീപുകൾ!
നമ്മെ ചുറ്റിയ ഈ
കടൽ താണ്ടി
നിന്നിലേക്കെത്താൻ
സമയമായിട്ടില്ല
എനിക്കിനിയും..
ഞാനെൻറ ആഴങ്ങളിൽ
തിരയുകയാണിപ്പോഴും!

Wednesday, March 11, 2015

നാവു മരങ്ങള്‍!

 
നാവു മരങ്ങള്‍ കണ്ടിട്ടുണ്ടോ നിങ്ങള്‍ ?
അതൊരു വിഷം കായ്ക്കുന്ന മരമാണ്.
നാവുകള്‍ കെട്ടുപിണഞ്ഞ് ,
വിസര്‍ജ്യങ്ങളാല്‍ വികൃതമായ ,
വൃത്തികെട്ട മരം!
ഒരു പക്ഷിക്കുഞ്ഞിനോട് പോലും
ദയ കാണിക്കാതെ ,
ചിറകുകള്‍ കരിയിച്ചു കളയുന്ന തീ മരം!

ചുവരുകളെല്ലാം 'SILENCE PLEASE'
എന്നലറി വിളിച്ചപ്പോള്‍
ഞാനെന്‍റെ നാവറുത്ത്
പോക്കറ്റിലിട്ടു !
പക്ഷേ ,
ഞാനൊരു നാവുമരത്തിന്റെ
ചുവട്ടിലകപ്പെട്ടിരിക്കുകയാണ്
ഇതെപ്പോ പൊട്ടി മുളച്ചുന്ന്‍
പോലും എനിക്കറിയില്ല !

ഓരോ കൊമ്പിലും
അനേകായിരം നാവുകള്‍!
ചിലതിനു ചാട്ടുളിയെക്കാള്‍ മൂര്‍ഛ!
ചിലത് നക്കി നക്കി മനം പുരട്ടുന്നു.

ആകാശത്തിന്റെ ഒരു തുണ്ടു പോലും കാണിക്കാതെ
എനിക്ക് ചുറ്റും ഈ നാവുകള്‍ കെണിയൊരുക്കിയിരിക്കുകയാണ്.
എന്ത് ചെയ്യും?
ഒന്നു നിലവിളിക്കാനായി ഞാനെന്‍റെ  പോക്കെറ്റ്‌  തപ്പി
പടച്ചോനെ !
അപ്പോഴേക്കും ഒരൊറ്റക്കൊമ്പില്‍
എന്നെ കെട്ടിത്തൂക്കിക്കഴിഞ്ഞു!!!
                                                          

Thursday, February 26, 2015

മൗനം...

വെട്ടിയും തിരുത്തിയും
പലവട്ടം അളന്നു മുറിച്ച്
പാകപ്പെടുത്തിയ അക്ഷരങ്ങള്‍ കൊണ്ട്
ഞാനൊരു കുപ്പായം തുന്നി
എന്‍റെ ആത്മാവിനെ അണിയിക്കാന്‍.
പക്ഷെ,
അറുത്ത് മാറ്റിയ അക്ഷരങ്ങള്‍
ഏച്ചു കൂട്ടി വികലമായിരിക്കുന്നു...
അക്ഷരങ്ങള്‍ക്കപ്പുറത്തെ
ആഴങ്ങളില്‍ നിന്നും...
വന്യമായ നിന്‍റെ
മൗനം മാത്രം ഞാനെടുക്കുന്നു
നഗ്നമായ ആത്മാവിനെ പൊതിഞ്ഞെടുക്കാന്‍....



Friday, January 23, 2015

നിറങ്ങള്‍

ഓരോ നിറങ്ങള്‍ക്കും
ഒരു ആത്മാവുണ്ടെന്ന് ..
നീ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്.
അങ്ങനെയെങ്കില്‍......
നിന്റെ ആത്മാവിന്
നീല നിറമായിരിക്കും...
കാരണം...................
സര്‍പ്പ ദംശനമേറ്റ എന്‍റെ വരികളിലും,
പാതി വരച്ചിട്ട സ്വപ്നങ്ങളിലും,
നിന്റെ നീലിച്ച പാടുകളാണ് .
നിന്റെ മേഘക്കീറുകളുടെ
നീല ഞരമ്പുകളിലൂടെ
ഒരിക്കല്‍കൂടി ഞാന്‍ പെയ്തിറങ്ങട്ടെ...
എന്‍റെ ആത്മാവിന്റെ പച്ചയെ തേടി...

                                                            

Thursday, January 15, 2015

ഇനി...


ഒരു ചിത്രം കൂടി
ഞാന്‍ കരുതിയിട്ടുണ്ട്...
രണ്ടു മീസാന്‍ കല്ലുകള്‍ക്കിടയിലെ
ക്യാന്‍വാസില്‍ ഒതുങ്ങുന്നത്...
അതില്‍.....
എന്‍റെ ആത്മാവിന്റെ ചുവപ്പുള്ള
ഒരു മൈലാഞ്ചിത്തൈ വളരുന്നുണ്ട്...
അറ്റുപോയ ചിറകുകളിലെന്റെ
അക്ഷരങ്ങൾ തുന്നിച്ചേർത്ത
ചിത്ര ശലഭങ്ങൾ കൂട് കൂട്ടിയിട്ടുണ്ട്.
ഓർമ്മകളുടെ കടും ചായങ്ങൾ
ഇറ്റു വീണ ചിതൽപ്പുറ്റുകളുണ്ട്.
നീയുണ്ട്...
നിന്റെ അർത്ഥഗർഭമായ മൌനങ്ങളിൽ
പുളയുന്ന ഞാനുമുണ്ട്.
പിന്നെ.....
ആറടി മണ്ണിന്‍റെ
ആഴം മാത്രമുള്ള
സ്വപ്നങ്ങളും.....
                    ........ഹാഷി

Saturday, December 21, 2013

ഭ്രാന്‍ത്‌

വീണ്ടും വീണ്ടും കണ്ണാടിയില്‍ സൂക്ഷിച്ചു നോക്കി.
ഭ്രാന്‍ത്‌ വേഷം മാറി മുമ്പില്‍ നില്‍ക്കുകയാണോ?
അറിയില്ല
ഞാനെന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി
സ്വപ്നം തീണ്ടിയ കണ്ണുകളില്‍
ശൂന്യതയുടെ നിഴലനക്കം.
പലപ്പോഴായറുത്തു മാറ്റിയതിണ്റ്റെ പാട്‌,
കഴുത്തില്‍ കിടന്ന്‌ വിളിച്ചു കൂവുന്നു,
ഇതെണ്റ്റെ മുഖമല്ലെന്ന്‌.
എവിടെയാണു ഞാനെണ്റ്റെ മുഖം അറുത്തു കളഞ്ഞത്‌?
ആരാണെണ്റ്റെ രൂപം അപഹരിച്ചത്‌?
ഭ്രാന്‍ത്‌ എണ്റ്റെ വേഷം കെട്ടിഎല്ലാരേം പറ്റിക്കുകയാണു.
ലൈബ്രറിയും ഗൂഗിളും ചിക്കിച്ചികഞ്ഞു
ഭ്രാന്‍തിനെ കണ്ടെത്താനായില്ല
ആര്‍ത്തു പെയ്യുന്ന മഴയത്തിറങ്ങിയപ്പോള്‍
ഭ്രാന്‍ത്‌ കുടയും ചൂടി വന്നു.
കാലില്‍ തുരുമ്പിച്ച ചങ്ങലയുടെ തണുത്ത സ്പറ്‍ശം!
കഷ്ടം!
ആര്‍ക്കുമറിയില്ല ഭ്റാന്‍തിനെ
എന്‍തു ചെയ്യാനാണു,
ഭ്റാന്‍ത്‌ ജയിച്ചു,ഞാന്‍ തോറ്റു.
ഞാന്‍ കണ്ണാടിയില്‍ വീണ്ടും നോക്കി
മുഖമറുത്ത പാട്‌ അദ്റിശ്യമായിരിക്കുന്നു...
ചുറ്റും നോക്കി...
മുഖമില്ലാത്ത കുറേ രൂപങ്ങള്‍
എനിക്കു നേരെ പാഞ്ഞടുക്കുന്നു...

Thursday, December 19, 2013

ആരാണു നിലാവിനെ കരിച്ചു കളഞ്ഞത്‌?




നീയറിഞ്ഞില്ലേ,
നിഴലുകള്‍ നിലാവിനെ വിഴുങ്ങിയത്‌?
നിക്രിഷ്ടമതിന്‍ പേക്കോലങ്ങളില്‍
വിരൂപിയായ്‌ അവള്‍ ചിരിക്കുന്നത്‌?
കേള്‍ക്കുന്നില്ലേ,
ഇടറി വീണ കാഹളധ്വനി!
നിശയുടെ ഇരുണ്ട ഗുഹാ മുഖങ്ങള്‍ക്കുമപ്പുറം
നിഴല്‍ച്ചിത്രമൊരുക്കുന്നു,
നിരര്‍ത്ത്താമാം നിശ്വാസങ്ങളുടെ പുകച്ചുരുളുകള്‍.
ഞാനറിഞ്ഞിരുന്നില്ല,
നീ വലിച്ചെറിഞ്ഞ മാംസക്കഷ്ണങ്ങള്‍ക്കിത്രയും കയ്പ്പുണ്ടെന്ന്‌!
ഓര്‍ക്കുക നീ കരിച്ചുണക്കിയറുത്ത ഭ്രൂണം,
ഇരുട്ടിനെ ഭേദിച്ച്‌ വളരുമെന്ന്‌,
അതിണ്റ്റെ രാക്ഷസ വേരുകള്‍ ,
നിണ്റ്റെ ജരാനരകളില്‍ ആഴ്ന്നിറങ്ങുമെന്ന്‌.
നിണ്റ്റെ നാഡീ ഞരമ്പുകളെ കാര്‍ന്നു തിന്നുമെന്ന്‌...
നീയറിയുക.
നിഴലുകള്‍ വിക്രിതമാക്കിയ നിലാവിന്‍ വെട്ടത്തില്‍,
പതിയേ നടന്നുകൊള്ളുക...