ഈ രാത്രി
ഇവിടെ ഞാൻ ബാക്കി വെക്കുന്നു......
രാത്രിയുടെ ചുരുണ്ട മുടിയിഴകളിൽ
വിരിഞ്ഞ ഈ നിലാവും.
കവിത പൂക്കുന്നു......
ആരോ തട്ടി മറിച്ച അത്തറിൻ്റെ
കുപ്പി പൊട്ടിത്തൂവിയ പോലെ......
എൻറ താളുകളിൽ.... എഴുതിത്തീർന്നതിനേക്കാൾ കോറിയിട്ട ചില മഷിപ്പാടുകളാണ്....ചാപിള്ളയാകുമെന്ന് ഭയന്ന് പിറക്കാൻ മടിക്കുന്ന കവിതകൾ... .....ഹാഷി.
കണ്ണു പൊത്തിക്കളിക്കുമ്പോൾ ആരും കാണാത്തിടമെന്നു ചൊല്ലി
കാട്ടു കൈതപ്പൊത്തിൽ കൈ പിടിച്ച് കൊണ്ട് പോയത് ഇളയച്ഛനായിരുന്നു...
കുഞ്ഞുടുപ്പ് കീറിയത് കൈതമുള്ള് തറച്ചപ്പോൾ ആണെന്ന്,
കുഞ്ഞു ചുണ്ടു പിളർന്ന് ചോര പുരണ്ടത് കൈതപ്പഴം കടിച്ചപ്പോൾ ആണെന്ന്,
കണ്ണ് കലങ്ങി നിറഞ്ഞത് വേദനിച്ചിട്ടാണെന്ന്,
പറയാൻ പറഞ്ഞത് അമ്മയായിരുന്നു.!
കളിപ്പാട്ടങ്ങൾ തന്ന് കരച്ചിൽ അടക്കിയതും
ഒച്ച പുറത്തു പോവാതെ നോക്കിയതും അച്ഛനായിരുന്നു..
പൊട്ടിപ്പോയ കളിപ്പാട്ടം പോലെ
കൈതക്കാട്ടിൽ കളഞ്ഞു പോയ
കുഞ്ഞു ബാല്യങ്ങൾ !
നീതി ദേവത ഇന്നും കണ്ണ് പൊത്തിക്കളിക്കുന്നു.!