Monday, July 23, 2018

പരീക്ഷ

വിഷയം : ജീവിതം
ചോദ്യം : ചേരുംപടി ചേർക്കുക

എൻറ ഉത്തരക്കടലാസിൽ
ഇങ്ങനെയായിരുന്നു :

ജാതി : പെണ്ണ്
മതം : മനുഷ്യൻ
ഗ്രന്ഥം : സ്നേഹം

മാർക്കിടുന്നവർ കല്ലെറിഞ്ഞു !
ഹൃദയം കുത്തിപ്പിളർത്തി നോക്കിയപ്പോൾ :

അവശനായ ദൈവം മരിച്ചു കിടക്കുന്നു !!!

Sunday, July 22, 2018

ഓർക്കാം ചിലത്

ഇന്നലെത്തെ പത്രം!
മുറ വിളി കൂട്ടിയും മൂക്കു പിഴിഞ്ഞും
ചരിത്രം തുന്നിച്ചേർക്കാൻ
ചീന്തിയെടുത്ത താളുകൾ!

ചൂടു വാർത്തകളുടെ തീനാവുകളാൽ
തോലുരിച്ച പെണ്ണുടലുകൾ!
കാടും കുന്നും കടലും
 കട്ടു മുടിച്ചവർ
കറുത്തവൻറ കീറിയ കീശയിൽ
നീതി പീഠത്തിൻറ
വെളുത്ത കൈകൾ ചലിക്കുന്നു,
വിധിക്കുന്നു ചില 'വെളുത്ത' വിധികൾ!

മദമിളകിയ മതവാണിഭക്കാർ
മണ്ണും മനസ്സും മുദ്ര കുത്തി
മുറിച്ചോണ്ടിരിക്കുന്നവർ.

എങ്കിലും ചിലതുണ്ട്
ഫീനിക്സ് പക്ഷിയുടെ ചിറകുകളുള്ളത്
ഇന്നലെകളിൽ.
കനൽ പഥങ്ങളിലെ ചില കാല്പാടുകൾ.
അതിൽ അഹിംസയുടെ
ഇഴ ചേർത്ത ചർക്കയുണ്ട്.
കഴു മരത്തിൽ തളിർത്ത
ചുവന്ന പൂക്കളുണ്ട്..

ഇങ്ങനെ ചിലത്
ഒരുപാടുണ്ടോർത്തിടാൻ എങ്കിലും
മുപ്പതു വെള്ളിക്കാശിന് തീറെഴുതിക്കൊടുത്ത ,
തീയിട്ടു കരിച്ച ചരിത്രം.

നാളെകളുടെ പത്രങ്ങളിൽ
ചർക്ക ഉണ്ടാവില്ല.
ഗോഡ്സെയുടെ ജന്മദിനത്തിൽ
ജനഗണമന, കാവിയുടുത്തു വന്നു
വന്ദേ മാതരം പാടിയേക്കാം.
എന്നാൽ ഓരോ മണൽത്തരികളിലും
മുളച്ച് പൊന്തുന്നത് ഗാന്ധിയാണ്...

Saturday, December 9, 2017

മൂന്നാം മുലക്കണ്ണ്

ശൂർപ്പണഖയുടെ മുറിച്ചു കളഞ്ഞ
മുലകളാണീ മുരിക്കു മരങ്ങൾ.
കൂർത്ത മുലക്കണ്ണുകളാൽ
അവളിന്നും ചോര കിനിയുന്നു!

ഈ കാഞ്ഞിരം,
പൂതന വിഷം ചുരന്നുണ്ടായതാണ്
ആദ്യം കയ്ക്കും,
പിന്നെ മരിക്കും!

ഭൂമിയിലേക്കു പോരാൻ നേരം,ഹവ്വ
സ്വർഗ്ഗത്തിലൊളിപ്പിച്ച  തൻറെ
മൂന്നാം മുലക്കണ്ണിൽ നിന്നും
വിലക്കപ്പെടാത്ത കനികൾ പൊഴിച്ചു!

Thursday, June 29, 2017

കുരുതി

അച്ചിലിട്ടു വാർത്ത കുറേ മനുഷ്യർ
വരി വരിയായ് നടന്നു നീങ്ങുന്നു.
കാല പ്രഹേളികയുടെ അഗ്നികുണ്ഠത്തിൽ
ചിന്തകളെ ഒന്നൊന്നായ്
കുരുതി കൊടുത്തു.
വെന്തടിഞ്ഞ ചാരത്തിൽ നിന്നും
ഒരു കനൽത്തരി വിത്തായ് മുളച്ചു.
വളർന്നു പന്തലിച്ച ശിഖരങ്ങളിൽ
ചുട്ടു പൊള്ളുന്ന ചോദ്യങ്ങൾ കായ്ച്ചു.
വേരുകൾ..,
കനൽ വഴികൾ തേടി
സഞ്ചരിച്ചു കൊണ്ടിരുന്നു.
.................................ഹാഷി.........

Tuesday, June 27, 2017

ഒരു ചുവന്ന പകൽ

വിലക്കപ്പെട്ട കനി തിന്നതിനാലാദ്യ-
മായവൾ വയസ്സറിയിച്ചു.
ജനലഴികൾക്കപ്പുറം
വയസ്സറിയിച്ചൊരു വാക മരം
രക്ത പുഷ്പങ്ങൾ പൊഴിച്ചു കൊണ്ടിരുന്നു...
ഋതുമതിയായീ മഴയും
തോരാതെ നഗ്നയാക്കപ്പെട്ടു.
ആകാശത്തിൻറെ ഹൃദയത്തെ
ചുംബിച്ച് , ചുവപ്പിച്ച്
സൂര്യനും വയസ്സറിയിച്ചു.
.............
തീണ്ടാരിപ്പാടകലെ
വിലക്കപ്പെട്ട,
ഒരു ചുവന്ന പകൽ കൂടി അണയുന്നു....
......                                         ഹാഷി

Thursday, September 15, 2016

നിനക്ക്.

നിനക്കു വേണ്ടി മാത്രം എഴുതാനായ് വരികൾ തേടി ഞാൻ ചിന്തയുടെ കുന്നും മേടുകളും താണ്ടി...  കടലിൻറെ പൂർണ്ണതയിലലിയുന്ന നദികളിൽ നിന്നും അടിഞ്ഞു കൂടിയ സ്വരാക്ഷരങ്ങൾ .
വറ്റിയ പുഴയുടെ ആകാശത്തിൻറെ ഓർമ്മയിൽ നിന്നും ഖനിച്ചെടുത്ത ചില്ലക്ഷരങ്ങൾ. കാട്ടു പൂക്കളുടെ സുഗന്ധവും നിറങ്ങളും വ്യഞ്ജനാക്ഷരങ്ങളായി.
രണ്ട് മുറിവുകളായ് പിരിയുന്ന  വഴിയുടെ ഒറ്റ മുറിവിൽ നിന്നും ബിംബങ്ങളും രൂപകങ്ങളുമെടുത്തു.
 വൃത്തങ്ങൾ വേണ്ട! അതിരുകളാണവ,
കൂർത്ത മുള്ളുകളാൽ തീർത്ത... വേലിപ്പടർപ്പുകൾ!
മൗന ഗർഭത്തിൻറെ കടലാഴങ്ങളിൽ നിന്നും പിറന്ന വാക്കുകൾ.
ആത്മാവിൻറെ ഊഷര ഭൂമികയിൽ കിളിർത്ത വേദനയുടെ വിത്തുകൾ....
............ ലിപിയില്ലാത്ത ഭാഷയിൽ പെറ്റ ചാപിള്ളയെയോർത്ത് ഞാൻ കരഞ്ഞു.....

Saturday, September 10, 2016

ഇവിടെ


ഈ വഴി തിരിയുന്നിടം...
ഇവിടെ വെച്ചാണ്,
പണ്ടെന്നോ നടക്കാനിറങ്ങിയ
ആ ജീവ ബിന്ദുക്കൾ
വഴി പിരിഞ്ഞത്.
ജീവൻറെ കാൽപ്പാടുകൾ പതിഞ്ഞ
മണൽത്തരികളിൽ
പറ്റിപ്പിടിച്ച ചോരക്കറ!
ആത്മാവിൻറെ ചില്ലു തരികളിൽക്കൂടി
ആദ്യത്തെ വെളിച്ചം കടന്നതും
ഇവിടെ വെച്ചാണ്...
നിഴലുകൾ മൂടിയ ആത്മാവിന്
കറുത്ത പകലിൻറെ ഇരുട്ട്!
ഇവിടെ നിന്നാണ് ,
ജീവൻറെ സമുദ്രത്തിലേക്കുള്ള
നിലയ്ക്കാത്ത പ്രയാണം തുടങ്ങുന്നതും ,
ഒടുവിൽ ഒരു കടൽ വറ്റിയ ശൂന്യതയിൽ ബാക്കിയാവുന്നതും...
ഇവിടെ ഇതിഹാസം പിറക്കുന്നു!
ചിരിക്കുന്നു....കരയുന്നു!