Tuesday, May 5, 2020

എന്നെ ഉരുക്കി തൂലിക നിറച്ച് ഒരു കഥയെഴുതണം.  എന്തെഴുതണം ? മച്ചിന്റെ മേലേന്ന് പല്ലി ചിലച്ചു ,അടയാളങ്ങൾ ഒന്നുമില്ലാതെ പല കുറി മരിച്ചു ജനിച്ച് മരിച്ചു മണ്ണടിഞ്ഞ ഒരു കെട്ടു കഥകൾ മച്ചിന്റെ മേലേന്ന്‌ ചുക്കിച്ചുളിഞ്ഞ് പല്ലടർന്ന മോണ കാട്ടി ചിരിക്കുന്നുണ്ട്.

പിതൃ പരമ്പരകളുടെ ആദിപാപം തൊട്ടുള്ള കഥകളുടെ പൊടിപടലങ്ങളിൽ നിന്നും
അനേക കോടി നക്ഷത്രങ്ങൾ , കൃമി കീടങ്ങൾ  സസ്യലതാതികൾ ഒച്ചുകൾ പുൽചാടികൾ പറവകൾ , കടലിരമ്പങ്ങൾ .... നിറഞ്ഞ ഈ വലിയ പ്രപഞ്ചത്തിൽ .... 
സ്വപ്നങ്ങൾ സങ്കല്പ ലോകങ്ങൾ തുന്നിക്കൂട്ടി നരച്ച് തളർന്ന  വാക്കുകൾ ചിതലരിച്ച  കഥകളുടെ കബന്ധങ്ങൾ ചുമന്ന്  ഒരു പറ്റം ഉറുമ്പുകൾ നടന്നു നീങ്ങി......


Friday, May 1, 2020

പാല് പിരിയുന്ന മണം

..............................
പത്രക്കാരനും പാൽക്കാരനും ഇന്നവധിയാണത്രെ , സമരമാണത്രെ !
നരച്ച പകലിന്റെ ഉമ്മറത്ത്
കോട്ടുവായിട്ട്‌ കിടക്കുന്നു ,ഇന്നലത്തെ പത്രങ്ങൾ.
മുറവിളി കൂട്ടിയും മൂക്ക് പിഴിഞ്ഞും
അവ ഒച്ച വെച്ചു.
ചില താളുകളിൽ ,പാതി ദ്രവിച്ചെങ്കിലും
അഹിംസയുടെ ഇഴചേർത്ത ചർക്കയുണ്ട്.
ചിലത് ചുവന്നിരുന്നു,
കഴുമരത്തിൽ തളിർത്ത പൂക്കൾ കൊണ്ട്.
മുപ്പത് വെള്ളിക്കാശിന് എല്ലാം തൂക്കി വിറ്റേക്കാം.
എന്നിട്ടൊരു പശുവിനെ വാങ്ങണം.
വെളുത്ത പാല് ചുരത്തുന്നത് തന്നെ വേണം!
മുൻപ്,
പല നിറത്തിലുള്ള പാല് ചുരത്തിയതോണ്ട്,
കറവ വറ്റാത്തൊരു പശുവിനെ
വെടിവെച്ച് കൊന്ന വാർത്തയുണ്ടായ്രുന്നു
പലനിറപ്പാൽ ചുരത്തിപ്പിടഞ്ഞത് കണ്ട്,
ആകാശം അന്ന് മഴവില്ല് തീർത്ത് സമരം ചെയ്തു !
അതിന്, അന്നെത്ര പക്ഷികളുടെ ചിറകുകളറുത്തു!!
പാൽ കൊടുത്ത കയ്യിൽ കൊത്തിയ ,
വിഷം തന്നെയാണ് വേരുകളിൽ പുരണ്ടതെന്ന്
ഉണക്ക മരങ്ങൾ മൊഴി കൊടുത്തു.
ഏതോ അറവുകാരൻ്റെ അലാറം കേട്ട്
ഞെട്ടിയ ഓർമ്മയിൽ നിന്ന്
എന്തോ മനംപുരട്ടുന്നത് പോലെ,
അതെ...
കുടിച്ച മുലപ്പാലടക്കം പുളിച്ചു തികട്ടിവരുന്നത് പോലെ .

പത്രക്കാരനും പാൽക്കാരനും
നാളെ കൂടി അവധിയെടുക്കട്ടെ!







Friday, November 29, 2019

വെള്ളി മുടിനാരുകൾ

'ആൽക്കെമിസ്റ്റി'ലെ സ്വപ്നത്തിൽ കണ്ട നിധിയും തേടി അന്വേഷിച്ചലഞ്ഞ ആ ഇടയൻ അവസാനം താൻ യാത്ര തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തുന്നു.

എന്തോ തേടിയുള്ള യാത്ര... അവസാനം എന്നിലേക്കു തന്നെ കണ്ടെത്താൻ വേണ്ടിയാണോ നിധികൾ പോലെ മുടിയിഴകളിൽ ഒളിഞ്ഞും തെളിഞ്ഞും തിളങ്ങുന്നത് ഈ വെള്ളി മുടിനാരുകൾ?

'' അവ സ്വർഗ്ഗത്തിലേക്കു വെളിച്ചം വീശുന്നു''.(വി.ഖുർആൻ)

                           

Sunday, October 27, 2019

ലേഡീസ് കോച്ച്


" പോലീസിൽ വിളിച്ച് പറഞ്ഞിട്ടുണ്ട് . ട്രെയിൻ കണ്ണൂരെത്തിയാൽ ആ പെണ്ണിനെ പിടിച്ചിറക്കിക്കൊണ്ടോയിക്കോളും" - ഏതോ ഒരു സ്ത്രീയുടെ നിഗമനം.
"ഏട്ന്ന് കേറ്യതാ?"
-"ഏട്ന്നാന്ന് ആർക്കറിയാ... വടേരേന്ന് കേറ്യപത്തൊട്ട് കേൾക്കുന്നതാണ്"- വേറൊരു സ്ത്രീ ശബ്ദം.
" ആ ,.. ഓളല്ലേ, കള്ളും കുടിച്ച് വായിൽ തോന്നുന്നതൊക്കെ വിളിച്ച് പറയും , ട്രെയിനിലൊക്കെ ഇടയ്ക്ക് കാണാം."
- "വയലൻറാവോ ന്നാ പേടി "
"എന്ത് വയലന്റ്, ഓൾക്ക് ഭ്രാന്തൊന്നൂല്ല. എല്ലം ഓളെ അഭിനയാ"- മറ്റൊരു സ്ത്രീയുടെ കണ്ടെത്തൽ.
"എന്ത്ന്നായിത്  .. ഹ ശ്ശ് മക്കളേം കൊണ്ട് ഇരിക്കാൻ പറ്റൂലാലോ " - സ്വന്തം മക്കൾ നശിച്ച് പോകുമെന്ന് ഉത്കണ്ഠപ്പെട്ട ചിലർ കുട്ടികളേം തെളിച്ച് വേറെ സീറ്റുകളിലേക്ക് മാറി ഇരുന്നു.

പറഞ്ഞ പ്രകാരം കണ്ണൂരെത്തിയപ്പോൾ മൂന്നു പോലീസുകാർ വന്നു. വിചിത്ര കാഴ്ച കാണാൻ ആളുകൾ കൂടി .
ഇറങ്ങാൻ കല്പിച്ചപ്പോൾ ആ സ്ത്രീ എന്തോ പിറുപിറുത്ത് നിലത്ത് കാലു നീട്ടിയിരുന്നു. " പോയിനെടാ ....."പിന്നെയും അവ്യക്തമായ വാക്കുകൾ!
"ഇവരെയൊന്നിറക്കി വിട് സാറേ ." - കൂട്ടത്തിലൊരു സ്ത്രീ മുൻകൈയ്യെടുത്തു പറഞ്ഞു.
" വനിതാ പോലീസില്ലാത്തോണ്ട് ഞങ്ങൾക്ക് തൊടാൻ പറ്റില്ലല്ലോ " .
-
" അല്ലെങ്കിലും ഇത് മറ്റേതാവാനാ സാധ്യത " - ഒരു കുല സ്ത്രീയുടെ കണ്ടെത്തൽ! പോലീസിലൊരുവൻ ഒരു ചെറുചിരി ചിരിച്ചു. കുലസ്ത്രീയും വാ പൊത്തിച്ചിരിച്ചു. പിന്നെ കുതൂഹല നോട്ടങ്ങൾ, നെറ്റി ചുളിച്ച് മൂക്കത്ത് വിരൽ വെച്ച ചില ആശ്ചര്യ ഭാവങ്ങൾ വേറെ..
പല പ്രായത്തിലുള്ള ഭാവങ്ങൾ!

കൊലുസുകളുടെ കലപിലകൾക്കും വളകളുടെ പൊട്ടിച്ചിരികൾക്കും മീതെ പുളിച്ച് തികട്ടിയ പുലഭ്യ വാക്കുകൾ ആ സ്ത്രീ ഛർദ്ദിച്ചു കൊണ്ടിരുന്നു.

"ശ്ശോ, എന്ത് കഷ്ടാണല്ലേ മനുഷ്യന്മാര്ടെ ഒര്കാര്യം! " അങ്ങനെ ഒരു വാചകം പറഞ്ഞില്ലെങ്കിൽ ആ രംഗം അപൂർണ്ണമായേക്കും എന്നു കരുതിയാണോന്നറീല ചിലർ അന്യോന്യം പറഞ്ഞ് ശ്വാസം നീട്ടി വിട്ടു. പഴയപടി തിരിച്ച് സീറ്റുകളിലേക്ക് തന്നെ ഇരുന്നു.

ട്രെയിൻ ഓടിക്കൊണ്ടിരുന്നു. ആ സ്ത്രീ ആരെയും നോക്കാതെ പിന്നെയും പുലഭ്യം പറഞ്ഞ് കൊണ്ടിരുന്നു.
'ഇത് മറ്റേതാണ് ' അയഞ്ഞു നരച്ച ഏച്ച് കൂട്ടിയ വസ്ത്രത്തിനുള്ളിലെ ആ സ്ത്രീ ശരീരത്തെപ്പറ്റി ഓർത്തപ്പോൾ ഒരു നിമിഷം ഉൾക്കിടിലം തോന്നി!
ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങൾക്കും പറയാനുണ്ടാകും പുലഭ്യങ്ങൾ..
ഒട്ടനേകം പെണ്ണുടലുകൾ അപ്പോൾ ഒന്നിച്ച് പുലഭ്യം പറഞ്ഞ് ആക്രോശിച്ചു.... ട്രെയിനിൽ നിന്നും ബസിൽ നിന്നും ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും അടച്ചുറപ്പില്ലാത്ത വീട്ടിൽ നിന്നും വിഗ്രഹങ്ങളുടെ നടുവിൽ നിന്നും ചുവന്ന തെരുവുകളിൽ നിന്നും ഇനിയും കണ്ടെത്തിയിട്ടില്ലാത്ത അജ്ഞാതമായ ഇടങ്ങളിൽ നിന്നുമെല്ലാം അനേകമനേകം പെണ്ണുടലുകൾ ഉച്ചത്തിൽ പുലഭ്യം പറഞ്ഞ് കൊണ്ടിരുന്നു .....

        

Friday, October 11, 2019

ജന്മദിനം

ഇന്ന് പിറന്നു വീണ പോലെ തോന്നി ,
ആകാശത്ത് ഇരുട്ടിലേക്ക് മെല്ലെ മെല്ലെ വെളിച്ചം ആലിംഗനം ചെയ്തുണരുന്ന പുലരിയെ കണ്ടപ്പോൾ.
തുടുത്ത മേഘക്കവിളിണകളോടെ ചിരിച്ചുണരുന്ന പുലരീ നീയെത്ര സുന്ദരി!

ഈ റെയിൽപ്പാത മുമ്പും ഇവിടെയുണ്ടായ്രുന്നു.
എനിക്കു മുന്നിൽ നീണ്ടു നിവർന്ന പാതകൾ...
വർഷങ്ങൾ.. ദിവസങ്ങൾ....... നിമിഷങ്ങൾ....
ഓർമ്മകളുടെ കലവറകളിൽ കാലു തെന്നി... വഴുതി......
ചിലത് വർണ്ണാഭം തന്നെ കടും ചായക്കൂട്ടുകളാൽ അവ തിളങ്ങുന്നു.
ചിലത് മങ്ങി മങ്ങി അതിജീവനത്തിന്റെ തുടിപ്പിൽ ഇന്നും...
എല്ലാം എടുത്തു നോക്കി... വെച്ച സ്ഥലത്തെന്നെ എടുത്തു വെച്ചു...... ഭദ്രം.
എനിക്കു മുന്നിലെ ഈ പാത. ഇനിയും താണ്ടേണ്ടുന്ന വഴികളിലെ ഇരു വശത്തുമുള്ള കാഴ്ചകളെ സങ്കല്പിച്ച് കൊണ്ട് ഞാൻ ട്രെയിൻ കാത്തു നിന്നു.
മുഖങ്ങൾ.... രൂപങ്ങൾ പകലിരവുകളിൽ മാറി മറയുന്നു.....
മരങ്ങൾ പോലും ചലിക്കുന്നു. ഭൂതകാലത്തിന്റെ നിഗൂഢ മിത്തുകളിലേക്ക് അവയും ഇറങ്ങിച്ചെല്ലുകയാണോ?
ട്രെയിനിൽ വിൻഡോസീറ്റിലിരുന്ന് ഞാൻ ചിന്തിച്ചത് അതായിരുന്നു.

വാടിക്കൊഴിഞ്ഞു വീണ ഇലകളേ... പൂക്കളേ....
വാരിപ്പുണർന്നു ഞാൻ ചുംബിക്കട്ടെ നിങ്ങളെ..
എത്ര ഋതുക്കളുടെ കഥകൾ പറഞ്ഞു തരും നിങ്ങളെനിക്ക്?

ദൂരെ ഒരു പറ്റം ദേശാടനക്കിളികൾ അപ്പോഴേക്കും അസ്തമയ സൂര്യനോട് യാത്ര പറഞ്ഞ് പുതിയ മേടുകൾ തേടി പോയിരുന്നു.

..........പുതിയ മേടുകൾ.. പക്ഷേ.... ഒരേ ആകാശമായിരുന്നു............

ഇരുട്ടെന്ന സത്യത്തെ വീണ്ടും ഓർമ്മിപ്പിച്ചു അസ്തമയ സൂര്യൻ.
ഇരുട്ടിൽ തപ്പിത്തടഞ്ഞു വീണ സ്വപ്നങ്ങളെപ്പറ്റി ഓർത്തു പോയി . പക്ഷേ വെളിച്ചം തേടി ഉള്ളിൽ അധികം തിരഞ്ഞില്ലല്ലോ ഞാൻ എന്ന ചിന്താഭാരത്താൽ മൗനിയായി.
'വിളക്ക് വെളിച്ചത്തെ തേടുന്നു' എന്ന സൂഫീ ചിന്തകളിൽ വീണ്ടുമുണർന്നു.

ഇന്നെന്റെ ജന്മദിനം... നാളെയും...
എല്ലാ നാളെകളിലും ഞാൻ ജനിക്കുന്നു.
                                             
                                               

Sunday, September 22, 2019

ചിന്തിച്ചിട്ടുണ്ടോ നാം എപ്പോഴായിരിക്കും മരിക്കുക? എവിടെ വെച്ച് ?എങ്ങിനെ?
മരണസമയം തൊട്ടടുത്ത് ആരായിരിക്കും ഉണ്ടാവുക ? ചിലപ്പോൾ തീരെ അപരിചിതരായ ആരെങ്കിലുമൊക്കെ ആയിരിക്കും ...
ആർക്കറിയാം അപ്പോൾ എന്റെ അടുത്ത് പെട്ടെന്നൊരു ഞെട്ടലോടെ എന്നെ തൊട്ടു നോക്കുന്ന ആ അപരിചിതർ .... ഒരു പക്ഷേ ഒരാളാകാം ആണോ പെണ്ണോ കുറേ പേരുണ്ടാകാം ആണ് പെൺ ഭേദമില്ലാതെ ആബാലവൃദ്ധജനങ്ങൾ ഉണ്ടാവാം.. ചിലപ്പോൾ നമ്മുടെ ഉറ്റവർ തന്നെയാവും . . .
ആർക്കറിയാം അവരൊക്കെ തലേന്നു രാത്രി ഏതോ ഒരു മരണത്തെ പേക്കിനാവ് കണ്ട് ഞെട്ടിയെണീറ്റിട്ടുണ്ടാവില്ലെന്ന് .
കാലൻകോഴി കൂവിയതും , വലത്തേക്കണ്ണ് തുടിച്ചതും , പല്ലി ചിലച്ചതും, കരിമ്പൂച്ച കുറുകെ ചാടിയതുമായ അശുഭകരമായ ആധികയറിയ കുറേ കഥകൾ അവർക്കു പറയാനുണ്ടായേക്കാം . ചിലർക്ക് ഒന്നു നെടുവീർപ്പിടാനെങ്കിലും ഉണ്ടാവാം .
പക്ഷേ ചിലപ്പോൾ അടുത്ത് ആരുമില്ലാതെ  മരണപ്പെട്ടേക്കാം . അവസാന ശ്വാസം എടുക്കുന്ന ആ ഒരു നിമിഷം.... ആരുടെയെങ്കിലും കൈ മുറുകെപ്പിടിച്ച് നേർത്ത ഞെരങ്ങലോടെയെങ്കിലും യാത്ര പറയാൻ പറ്റാതെ തീർത്തും ഒറ്റയ്ക്കായൊരു പോക്ക്!

Saturday, June 22, 2019

ചെറിയ ചെറിയ കാര്യങ്ങൾ...

എന്ത് മനോഹരമാണ് ആ സ്ഥലങ്ങളൊക്കെ!
സ്വച്ഛ സുന്ദരമായ ഒരുപാട് ജാലകക്കാഴ്ച്ചകൾ സമ്മാനിച്ചു തരാറുണ്ട് ചില തീവണ്ടി യാത്രകൾ.
നീലേശ്വരത്തേക്കുള്ള യാത്ര..... കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന മനോഹര ദൃശ്യങ്ങൾ.

വിശാലമായ വയലുകളുടെ പച്ചപ്പ്...  പച്ചപ്പ് തന്നെ ഒരാശ്വാസമാണ്... പച്ച വിരിപ്പിന് ഞൊറി പിടിപ്പിച്ച പോലെ ഇടയ്ക്ക് കാണുന്ന പല നിറത്തിലുള്ള കാട്ടുപൂക്കളും.
വയലുകളിൽ നിറയെ കൊക്കുകൾ.  ഞാനിതു വരെ വെള്ള കൊക്കിനെയും ചാരക്കൊക്കിനെയും മാത്രേ കണ്ടിട്ടുള്ളൂ... പക്ഷേ ഇവിടെ അപൂര്‍വയിനം കൊക്കുകളെ കാണാം....  മയിൽ നീല നിറത്തിലുള്ളവ,  അവ പച്ച  വയലുകളിൽ നിരന്നു നിൽക്കുന്ന കാഴ്ച അതി മനോഹരമായിരുന്നു!  പിന്നെ തവിട്ടും കറുപ്പും കലർന്ന വേറെയും ചില കൊക്കുകൾ! ഇനി ഇതൊക്കെ വേറെ ഏതേലും പക്ഷികളാണോന്നും എനിക്കറിയില്ല,  എന്തായാലും നല്ല ഭംഗിയുള്ള കാഴ്ചയായിരുന്നു. 

പുഴയോ, നനച്ചു തുടച്ച കണ്ണാടിച്ചില്ല് പോലെ... 
അതിൽ മുഖം നോക്കാനെത്തിയ വെള്ളിമുടിക്കെട്ടുള്ള ആകാശ മുത്തശ്ശി!  മുത്തശ്ശിക്ക് ഒരുപാട് കഥകൾ അറിയുമായ്രിക്കും... നീണ്ടു നിവർന്ന് അതിരുകളില്ലാതെ ആ കഥാപ്രപഞ്ചത്തിൽ ചിറകു വിരിച്ചു പറക്കുന്ന പക്ഷികൾ...

പിന്നെ കണ്ടൽക്കാടുകൾ! പുഴയോടത്രയ്ക്ക് ഒട്ടിക്കിടക്കുന്നു അവയുടെ കൂറ്റൻ വേരുകൾ...  ചില്ലകളിൽ കുനു കുനെ  പടർന്നിരിക്കുന്ന ഇലകൾ... അതിൽ നിറയെ കിളികൾ പാർക്കുന്നുണ്ടാകും. അവയറിയുന്നുണ്ടാകുമോ ഇവിടെ ഒരുത്തിയിങ്ങനെ അവരെ നോക്കുന്നത്?  പിന്നെ രണ്ടു പാപ്പാത്തികളെ കണ്ടു... പൂമ്പാറ്റകൾ.. അവര് ചേച്ചിയും അനിയത്തിയും ആയിരിക്കണം രണ്ടും പാറിക്കളിക്കാണ്... ചിമ്മി ച്ചിമ്മി...  ഒളിച്ചും പൊത്തിയും....

എത്ര സുന്ദരമാണ് ഈ ഭൂമി.... പ്രപഞ്ചം... 
ഒന്നിരുന്ന് ആസ്വദിക്കാനാവാതെ ഞാനീ തീവണ്ടിയിൽ ധൃതി പിടിച്ച് പോവുന്നു.  ഓരോ സ്റ്റോപ്പുകളിലെ  കാഴ്ചകൾ ഹൃദയത്തിൽ കോർത്ത്...യാത്ര തുടരുന്നു...  നാം എല്ലാരും.
 ഈ ജാലകക്കാഴ്ച്ചകളെ ഞാൻ പ്രണയിക്കുന്നു.
 ഈ നിമിഷം ഞാൻ പുഞ്ചിരിക്കുന്നു...